ഇന്‍ഡോര്‍: ഇന്ത്യ-ശ്രിലങ്ക പരമ്പരയിലെ രണ്ടാം മത്സരം നടക്കാനിരിക്കെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്രയെ നേരിടാനുള്ള പദ്ധതി വെളിപ്പെടുത്തി ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ. ലോകത്തിലെ മികച്ച ബൗളറാണ് ബൂമ്രയെന്നും എന്നാല്‍ പരിക്കില്‍ നിന്ന് തിരിച്ചെത്തുന്ന ഏതൊരു ബൗളറും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുമെന്നും മലിംഗ പറഞ്ഞു.
‘ബൂമ്ര ലോകത്തിലെ നമ്പര്‍ വണ്‍ ബൗളറാണ്. അദ്ദേഹം വളരെയേറെ കഴിവും കൃത്യതയുമുള്ള താരമാണ്. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി അധികം മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. സാധാരണയായി പരിക്കില്‍ നിന്നും മോചിതരായി ടീമില്‍ തിരിച്ചെത്തുന്ന കളിക്കാര്‍ ആദ്യത്തെ ഏതാനും മത്സരങ്ങളില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടാറുണ്ട്. ഇത് പരമാവധി മുതലാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’. മലിംഗ വ്യക്തമാക്കി.
അതേസമയം, ബൂമ്രയുടെ പ്രകടനത്തില്‍ താന്‍ സന്തോഷവാനാണെന്നും മുംബൈ ഇന്ത്യന്‍സില്‍ തങ്ങള്‍ സഹകളിക്കാരായതിനാല്‍ ബൂമ്രയുടെ ബൗളിംഗ് രീതികള്‍ ലങ്കന്‍ താരങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ സാധിക്കുമെന്നും മലിംഗ വ്യക്തമാക്കി. എന്നാല്‍ ബൂമ്രയെപ്പോലൊരു താരത്തെ നേരിടണമെങ്കില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാർ അത്രയും സമര്‍ത്ഥമായി കളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















