കോഴിക്കോട് : ലക്ഷദ്വീപിലേക്ക് ചരക്കുകളുമായി പോയ ഉരു ആഴക്കടലില്‍ മുങ്ങി. ഉരുവിലെ ചെറിയ തോണിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച തൊഴിലാളികളെ മറ്റൊരു ഉരുക്കാര്‍ കയറ്റി സുരക്ഷിതമായി കരയ്ക്കെത്തിച്ചു. മൊത്തം ആറ് തൊഴിലാളികളാണ് മുങ്ങിയ ഉരുവില്‍ ഉണ്ടായിരുന്നത്. ആന്ത്രോത്ത് ദ്വീപിന് സമീപത്ത് വെച്ചായിരുന്നു അപകടം.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബേപ്പൂരില്‍ നിന്നും പുറപ്പെട്ട എംഎസ് വി ഷാലോം എന്ന ഉരുവാണ് ഇന്ന് പുലര്‍ച്ചെ മുങ്ങിയത്. തമിഴ്നാട് സ്വദേശികളായ മില്ട്ടന്, വെസെന്തി, മുരുകന്, ഹെന്റി, മരിയ നാവിസ്, ചോന്തവബോസ് എന്നിവരാണ് ഉരുവില്‍ ഉണ്ടായിരുന്നത്. ഇവരെ ഉച്ചയോടെ ആന്ത്രോത്ത് പോര്‍ട്ട് അസിസ്റ്റന്റ് ഓഫീസില്‍ എത്തിച്ചു. ഇവരെ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
എംസാന്‍ഡ്, സിമന്റ്, ജെല്ലി, പച്ചക്കറി, പലവൃഞ്ജനങ്ങള്‍, പശുക്കള്‍ എന്നിങ്ങനെ 160 ടണ്‍ ചരക്കുകളാണ് ഉരുവില്‍ ഉണ്ടായിരുന്നത്. ഉരുവില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്ന പമ്പ് പ്രവര്‍ത്തന രഹിതമായതാണ് ഉരു മുങ്ങാന്‍ കാരണമെന്ന് തൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞു. പുറംകടലില്‍ നിന്നും കാറ്റ് വീശിയതിനാല്‍ ഉരുവിലേക്ക് വെള്ളം കയറുകയായിരുന്നു. പമ്പ് പ്രവര്‍ത്തനരഹിതം ആയതിനെ തുടര്‍ന്ന് വെള്ളം കളയാന്പറ്റാതെയായി. ഇതിനിടെ ഉരുവിന്റെ എന്‍ജിനും നിലച്ചതായി തൊഴിലാളികള്‍ വ്യക്തമാക്കി.
അപകടത്തില്‍ ഏകദേശം 80 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് വിലയിരുത്തല്‍. തൂത്തുകുടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് മുങ്ങിയ ഉരു.