ഭാരതീയ ജനത പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷ സ്ഥാനം 59 കാരനായ ജെപി നഡ്ഡയെ തേടിയെത്തുന്നത് ഒരിക്കലും യാദൃശ്ചികമായല്ല. 1975 ൽ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിലേക്ക് ചാടിയിറങ്ങിയ പയ്യൻ രണ്ടു വർഷത്തിനു ശേഷം വരവറിയിച്ചത് പട്ന സർവകലാശാല വിദ്യാർത്ഥി യൂണിയൻ സെക്രട്ടറിയായാണ്. എബിവിപിയുടെ കരുത്തുറ്റ മുഖവും തീപ്പൊരി നേതാവുമായിരുന്നു നഡ്ഡ.
പട്ന സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം ഹിമാചൽ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയ നഡ്ഡ സംസ്ഥാനത്തെ അറിയപ്പെടുന്ന നീന്തൽ താരം കൂടി ആയിരുന്നു. പിന്നീട് ഭാരതീയ ജനത പാർട്ടിയുടെ ഹിമാചലിലെ മികച്ച സംഘാടകനായി നഡ്ഡ മാറി. 1991 ൽ യുവമോർച്ചയുടെ ദേശീയ പ്രസിഡന്റായ നഡ്ഡ 93 ൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഹിമാചൽ നിയമസഭയിലെ അംഗമായി.
1998 ൽ രണ്ടാം വട്ടവും വിജയിച്ച അദ്ദേഹം മന്ത്രിസഭയിൽ ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രിയായിരുന്നു. 2007 ൽ പ്രേം കുമാർ ധുമ്മൽ മന്ത്രിസഭയിൽ വനം , പരിസ്ഥിതി , ശാസ്ത്ര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്ത നഡ്ഡ വന കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് ശ്രദ്ധേയനായി. ഹിമാചലിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയായിരുന്നു നഡ്ഡ നൽകിയത്.
2012 ൽ ആദ്യമായി രാജ്യസഭയിലെത്തി. 2014 ൽ മോദി മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോൾ ആരോഗ്യവകുപ്പിന്റെ ചുമതല നഡ്ഡയ്ക്ക് നൽകി. പാർട്ടി അദ്ധ്യക്ഷനായ അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റപ്പോൾ തന്നെ പിൻഗാമിയായി നഡ്ഡയുടെ പേര് ഉയർന്നു കേട്ടിരുന്നു. വർക്കിംഗ് പ്രസിഡന്റിന്റെ നിശ്ചയിക്കും എന്ന വാർത്ത വന്നപ്പോഴും ആദ്യം കേട്ട പേരും നഡ്ഡയുടേതു തന്നെ. പിന്നീട് പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രഖ്യാപനം വന്നു. ജഗത് പ്രകാശ് നഡ്ഡ വർക്കിംഗ് പ്രസിഡന്റ്.
ഇപ്പോൾ ഏറ്റവുമൊടുവിലായി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിയുടെ പതിനൊന്നാമത്തെ അദ്ധ്യക്ഷനായി സ്ഥാനാരോഹണം.















