സത്യമപ്രിയം

പൗരത്വനിയമം: സുപ്രീംകോടതിയിലും സ്റ്റേ കിട്ടിയില്ല, ഇനിയെന്ത്?

സത്യമപ്രിയം - ജി കെ സുരേഷ് ബാബു

പ്രതീക്ഷയുടെ ഒരു തുരുത്തു കൂടി സോപ്പു കുമിള പോലെ ഇല്ലാതായി. ദേശീയ പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ നിന്ന് സ്‌റ്റേ കിട്ടുമെന്നും നിയം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒക്കെയാണ് കോണ്‍ഗ്രസ്സിന്റെ പല്ലുകൊഴിഞ്ഞ സിംഹങ്ങളും കേരളത്തില്‍ മാത്രം അവശേഷിക്കുന്ന ഇടത് ജിഹാദികളും പ്രചരിപ്പിച്ചത്. ഐസ്‌ക്രീം പാര്‍ലര്‍ കേസിനുശേഷം വീണ്ടും കോടതി മുറികളിലേക്ക് ഏന്തിയും മുടന്തിയും എത്തിയ കുഞ്ഞാപ്പയും (പി കെ കുഞ്ഞാലിക്കുട്ടി) ഇതുതന്നെയാണ് പ്രചരിപ്പിച്ചിരുന്നത്. പക്ഷേ, സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ സ്‌റ്റേ അനുവദിച്ചില്ലെന്ന് മാത്രമല്ല, അഞ്ചാഴ്ചയ്ക്കുശേഷം കേസ് പരിഗണിക്കുമ്പോള്‍ ഭരണഘടനാ ബഞ്ചിന് വിടണോ എന്ന കാര്യം പരിശോധിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു.

ഗവര്‍ണ്ണറുടെ അനുമതിയില്ലാതെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത പൗരത്വ നിയമഭേദഗതിക്ക് എതിരായ ഹര്‍ജി പരിഗണിക്കപ്പെട്ടതേയില്ല. ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയലാഭം മാത്രം ഉദ്ദേശിച്ച് ചെലവഴിക്കുന്നത് ലക്ഷങ്ങളാണ്. നേരത്തെ ആധാര്‍ കൊണ്ടുവരുന്നതിന് എതിരെ മമതാ ബാനര്‍ജി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര നിയമത്തിന് എതിരെ സംസ്ഥാനങ്ങള്‍ക്ക് ഹര്‍ജി നല്‍കാന്‍ ആകില്ലെന്നും വേണമെങ്കില്‍ വ്യക്തിപരമായ ഹര്‍ജി നല്‍കാമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് സുപ്രീം കോടതി പറഞ്ഞതാണ്. മുന്‍പ് ഉണ്ടായിട്ടുള്ള വിധികളും കീഴ് വഴക്കങ്ങളും പരിഗണിക്കാതെ മുസ്ലീം വോട്ടുബാങ്ക് ലക്ഷ്യമിട്ട് പിണറായി വിജയന്‍ നടത്തിയ ട്രപ്പീസ് കളിയില്‍ നഷ്ടമാകുന്നത് സംസ്ഥാനത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെ നികുതിപ്പണമാണ്. വെറും രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഒരു പ്രയോജനവും ഇല്ലാതെ സംസ്ഥാന സര്‍ക്കാര്‍ കോടതിച്ചെലവിനായി സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിക്കുകയായിരുന്നു എന്ന കാര്യത്തില്‍ ഇതോടെ ആര്‍ക്കും സംശയം ഇല്ലാതെയായി. മുസ്ലീങ്ങള്‍ക്കൊപ്പം തങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ത്ത് വോട്ടു നേടാന്‍ വേണ്ടി പൗരത്വനിയമം വന്നതോടെ മുസ്ലീങ്ങള്‍ ഇന്ത്യയില്‍ നിന്ന് പോകേണ്ടി വരുമെന്ന് പ്രചരിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഇടത് നേതാക്കളും ജിഹാദികളും ശ്രമിച്ചത്.

ഇന്ത്യയില്‍ നിന്ന് ഒരു മുസ്ലീം പോലും പോകേണ്ടി വരില്ലെന്ന കാര്യം ആഭ്യന്തരമന്ത്രി അമിത് ഷാ മുതല്‍ എല്ലാ നേതാക്കളും ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഈ തരത്തിലുള്ള വര്‍ഗ്ഗീയ പ്രചാരണം കേരളത്തില്‍ മാത്രം നടത്തിയതിന്റെ പിന്നില്‍ രാഷ്ട്രീയം മാത്രമാണ്. വോട്ടുബാങ്കിനുവേണ്ടി യാതൊരു തത്വദീക്ഷയും ഇല്ലാതെ എന്ത് നെറികേടും കാട്ടാനുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തൊലിക്കട്ടി കാണ്ടാമൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്നതാണ്. ഇതിന്റെ തെളിവുകള്‍ കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ലഭ്യമാണ്. കന്യാകുമാരിയിലേക്ക് പോകാന്‍ വന്ന ജവഹര്‍ലാല്‍ നെഹ്‌റു വഴിയില്‍ കണ്ട ലീഗ് പതാക അഴിച്ചേ മുന്നോട്ട് പോകൂ എന്ന് പറഞ്ഞത് ചരിത്രം. മുസ്ലീം ലീഗ് വെറും ചത്ത കുതിരയാണെന്നു പറഞ്ഞ് കൊടി അഴിച്ചു നീക്കിയത് കോണ്‍ഗ്രസ്സിന്റെ നേര്‍വഴിക്കുള്ള പോക്കായിട്ടാണ് അന്ന് വിലയിരുത്തപ്പെട്ടത്. പിന്നീട് അധികാരത്തിലെത്താന്‍ മുസ്ലീം ലീഗിന്റെ തൊപ്പി ഊരിച്ച് സീതീ സാഹിബിനെ സ്പീക്കറാക്കി കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തിന്റെ ഇസ്ലാമികവത്കരണം തുടങ്ങിവെച്ചു. പിന്നീട് ലീഗിന് മന്ത്രിസ്ഥാനം നല്‍കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു.

തളി ക്ഷേത്രസമരത്തില്‍ മുസ്ലീം വര്‍ഗ്ഗീയവാദികളോടും ലീഗിനോടും ഒപ്പം ചേര്‍ന്ന് നടത്തിയ ക്രൂരമായ ഹിന്ദു വേട്ടയ്ക്ക് നേതൃത്വം നല്‍കിയത് സാക്ഷാത് ഇ എം എസ് തന്നെയായിരുന്നു. കേരളഗാന്ധി കെ കേളപ്പജി തളി ക്ഷേത്രസമരത്തിന് നടുനായകത്വം വഹിച്ചപ്പോള്‍ മുസ്ലീങ്ങളും മുസ്ലീം ലീഗുകാരും ഉന്നയിച്ച മുദ്രാവാക്യം കേരളം മറന്നിട്ടില്ല, ”നായ പാത്തിയ കല്ലിന്മേല്‍ ചന്ദനം പൂശിയ കേളപ്പാ, നിന്നെ ഞമ്മള് കണ്ടോളാം”, എന്നായിരുന്നു. ഹിന്ദുവിന്റെ പൗരുഷവും ആത്മശക്തിയും ഈ നാടിന്റെ ഹൃദയത്തോളം ആഴ്ന്നതായതുകൊണ്ട് സമരം വിജയിച്ചു. മുസ്ലീം ഭൂരിപക്ഷ പ്രദേശം എന്ന നിലയില്‍ മലപ്പുറത്തെ പ്രത്യേക ജില്ലയാക്കിയതും ഇ എം എസ് തന്നെയായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ രൂപവത്കരണത്തിന് എതിരെ സമരം ചെയ്തത് ജനസംഘം മാത്രമായിരുന്നു. മുസ്ലീങ്ങള്‍ക്കു വേണ്ടി തുടങ്ങിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയും മറ്റും ഈ അധിനിവേശത്തിന്റെയും അനാശാസ്യ ബന്ധത്തിന്റെയും ചരിത്രമാണ്.

മാറി മാറി ഇരു മുന്നണികളെയും തല്ലിയും തലോടിയും വരാല്‍ മീനിനെ പോലെ മെയ് വഴക്കത്തിലൂടെ മുന്നണികളില്‍ നിന്ന് മുന്നണികളിലേക്ക് മറുകണ്ടം ചാടിയും അതത് സമയത്തെ ആവശ്യത്തിന് അനുസരിച്ച് കീറിയും ലയിച്ചും എന്നും അധികാരത്തിന്റെ സോപാനത്തില്‍ മുസ്ലീം ലീഗ് ഉണ്ടായിരുന്നു. പെണ്‍വാണിഭത്തിന് ഒപ്പം സമുന്നത നേതാവിന് പുരുഷ വേശ്യയെയും തയ്യാറാക്കി നല്‍കിയിരുന്ന പുതിയ രാഷ്ട്രീയ മൂല്യത്തിന്റെ ദീപശിഖകളും ഇത്തരം പ്രസ്ഥാനങ്ങള്‍ തന്നെയാണ് കെട്ടി ഉയര്‍ത്തിയത്. കോണ്‍ഗ്രസ്സിന്റെ ചേരിപ്പോരില്‍ പ്രതിച്ഛായ നിലനിര്‍ത്താന്‍ തത്രപ്പാട് പെട്ട കരുണാകരന്‍ അപകടത്തിനുശേഷം തളര്‍ച്ച ബാധിച്ച കെ കരുണാകരന്‍ കോണ്‍ഗ്രസ്സിന്റെ നട്ടെല്ല് ഒടിച്ച് കൊടപ്പനയ്ക്കല്‍ തറവാട്ടിന്റെ മുന്നില്‍ അടിമ കിടത്തി. സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തിന്റെ 80 ശതമാനം വരുന്ന സുപ്രധാന വകുപ്പുകള്‍ കരുണാകരന്‍ വെള്ളിത്തളികയില്‍ വെച്ച് മുസ്ലീം ലീഗിന് സമ്മാനിച്ചു. വ്യവസായം, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളാണ് അന്ന് ലീഗിന് നല്‍കിയത്.

വിദ്യാഭ്യാസവകുപ്പ് പൂര്‍ണ്ണമായും ഇസ്ലാമികവത്കരിക്കപ്പെട്ടു എന്നുമാത്രമല്ല, പാഠ്യക്രമത്തില്‍ നിന്ന് ഹൈന്ദവ പുരാണങ്ങളും സാഹിത്യവും ഇതിഹാസങ്ങളും ഒക്കെ ഘട്ടം ഘട്ടമായി ഒഴിവാക്കിയതിന് ചരടു വലിച്ചത് ലീഗ് മന്ത്രിമാര്‍ തന്നെയായിരുന്നു. എന്നിട്ടും അവര്‍ പ്രസംഗിക്കുന്നത് മതനിരപേക്ഷതയെ കുറിച്ചു തന്നെയാണ്. മതേതരത്വത്തിന്റെ പേരില്‍ ജിഹാദി ഇസ്ലാമിക വര്‍ഗ്ഗീയവത്കരണം നടത്തുകയും ഒപ്പം ഇതാ കള്ളന്‍ ഇതാ കള്ളന്‍ എന്നുപറഞ്ഞ് ഹിന്ദുസംഘടനകളെ വര്‍ഗ്ഗീയവാദികളാക്കാനുമുള്ള ശ്രമമാണ് ജിഹാദികളും മുസ്ലീം ലീഗും ഇടതുപക്ഷക്കാരും നടത്തുന്നത്. ഭാരതത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന, സാധാരണക്കാരായ മുസ്ലീങ്ങള്‍, ദേശീയ മുസ്ലീങ്ങള്‍ നിരവധിയുണ്ട്. അവരെ കൂടി അപമാനിക്കുന്ന രീതിയില്‍ അവരുടെ മാനം കപ്പലു കയറ്റുന്ന രീതിയിലാണ് ജിഹാദികളും ഇടതുപക്ഷവും സംഘടിച്ച് പ്രവര്‍ത്തിക്കുന്നത്. സുപ്രീം കോടതി നല്‍കിയ കേസുപോലും ഇത്തരം ഒരു മൂടുപടം മുസ്ലീം സമുദായത്തിനു മുന്നില്‍ സൃഷ്ടിക്കാനായിരുന്നു. ആര്‍ക്കും പരിഹരിക്കാനാകാത്ത വിദ്വേഷത്തിനും ബഹിഷ്‌ക്കരണത്തിനും ചേരിതിരിവിനും കൂടി ഇടതുമുന്നണിയുടെ ഈ നീക്കങ്ങള്‍ വഴിവെച്ചു എന്നു കാണുമ്പോഴാണ് ഹീനമായ രാഷ്ട്രീയത്തിന്റെ നികൃഷ്ടത ബോദ്ധ്യപ്പെടുന്നത്. ഇനിയെങ്കിലും സത്യാ പറയാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടണം. ഇന്ത്യയിലെ ഒരു മസ്ലീമിനെയും ബാധിക്കില്ലെന്ന സത്യം പറഞ്ഞാല്‍ തീരുന്ന പ്രശ്‌നങ്ങളേ ഇന്ന് നമ്മുടെ നാട്ടിലുള്ളൂ. അതിന് പിണറായി തയ്യാറായാലേ ഇന്നത്തെ പ്രതിസന്ധി തീരൂ. അതിനുള്ള സത്യസന്ധതയെങ്കിലും അദ്ദേഹം കാട്ടണം.

433 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close