ന്യൂഡല്‍ഹി : നാടിന് അഭിമാനമായി കുരുന്നു പ്രായത്തില്‍ സമൂഹത്തിന് പ്രേരണയാവുകയാണ് 49 കുട്ടികള്‍.ധീരതയും മറ്റ് ശാസ്ത്രസാങ്കേതിക മികവുകളും സമൂഹത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന വലിയൊരു പാഠമാണ് മുതിര്‍ന്നവര്‍ക്ക് മുന്നില്‍ ഇവര്‍ വക്കുന്നതെന്ന് വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
വ്യത്യസ്ത മേഖലകളിലുള്ള കുട്ടികളുടെ അനുഭവം മന്ത്രി മാധ്യമങ്ങളോട് പങ്കുവച്ചു. 3 പെണ്‍കുട്ടികളുടെ ജീവന് രക്ഷിച്ച ഒന്‍പതുവയസ്സുകാരന്റെ ധൈര്യത്തിന്റെ ഉദാഹരണമാണ് ആദ്യത്തേത്. മണിപ്പൂരിലെ മാവുല്ബം ഗ്രാമത്തിലെ ലാല്കാന്സുംഗെന്ന ബാലനാണ് ആ നിയോഗമുണ്ടായത്. വലിയൊരു കിണറിന്റെ കരയിലിരുന്ന് തുണി അലക്കിക്കൊണ്ടിരുന്ന കുട്ടികളാണ് ആഴമേറിയകിണറ്റിലേക്ക് കാല്‍വഴുതി വീണ്ത്. ശബ്ദം കേട്ടുവന്ന ലാല്കാന്സുംഗ് മടിച്ചുനില്ക്കാതെ ചാടി ഓരൊരുത്തരെയായി രക്ഷിച്ച് കിണറിന്റെ പടിക്കെട്ടിലേക്ക് വലിച്ചെത്തിച്ചു. അതിന് ശേഷമാണ് ഗ്രാമവാസികളറിയുന്നത് തന്നെ.തനിക്ക് ആ സമയം എന്തു പ്രചോദനമാണുണ്ടായതെന്ന് പറയാന്‍ ലാലിനറിയില്ല. തന്റെ ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാന്‍ സാധിച്ചതിലുള്ള സന്തോഷം ഇന്നലെ വനിതാ ശിശുക്ഷേമ വകുപ്പ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി പങ്കുവച്ചു.
രണ്ടാമത്തെ ഉദാഹരണം സ്വയം പ്രതിരോധത്തിനായി ഒരു സാങ്കേതികവിദ്യ വികസിപ്പിച്ച പെണ്‍കുട്ടിയുടേതാണ്. 11 കാരിയായ അരുണാ ചന്ദ്രശേഖര്‍ തനിക്കുണ്ടായ പീഡനത്തിനെ പ്രതിരോധിക്കാന്‍ ഒരു കണ്ടുപിടുത്തം തന്നെ നടത്തിയാണ് രാജ്യത്തിന് പ്രേരണയായത്. തന്നെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തെ തുടര്‍ന്ന് അരുണയും സഹോദരിയും ചേര്‍ന്ന് കണ്ടുപിടിച്ചത് വാച്ചില്‍ ഘടിപ്പിക്കുന്ന ഒരു ചെറു ഉപകരണം. വാച്ച് കെട്ടുന്നയാള്‍ പെട്ടന്ന് പേടിച്ചാല്‍ ആ ശരീരത്തിലെ ഊഷ്മാവ് താഴുന്നത് വാച്ച് ഉടന്‍ തിരിച്ചറിഞ്ഞ് സന്ദേശം വേണ്ടപ്പെട്ടവരെ അറിയിക്കും. ഒപ്പം ആക്രമിക്കാന്‍ വരുന്നവര്‍ക്ക് നേരെ മുളകുപൊടി സ്പ്രേ ചീറ്റാനും ഈ വാച്ചിന് സാധിക്കുമെന്നും കേരളത്തില്‍ പഠിക്കുന്ന തമിഴ്നാട്ടുകാരിയായ അരുണ പറഞ്ഞു.
സ്വന്തം മുത്തശ്ശി പാര്ക്കിന്സണ് രോഗത്താല്‍ കഷ്ടപ്പെടുന്നത് കണ്ട് വിഷമിച്ചിരിക്കലല്ല കാന്‍പൂര്‍ സ്വദേശി പാര്‍ത്ഥ് ബന്‍സാല്‍ ചെയ്തത്. ഒന്ന് പരസഹായം അഭ്യര്‍ത്ഥിക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ കയ്യില്‍ പിടിക്കുന്ന വടിയില്‍ ഒരു സെന്‍സര്‍ ലൈറ്റാണ് പാര്‍ത്ഥ് ഘടിപ്പിച്ചത്. മുത്തശ്ശിക്ക് എഴുന്നേല്‍ക്കണമെന്ന് തോന്നുമ്പോള്‍ വടിയിലൊന്ന് തൊട്ടാല്‍ അടുത്തുള്ളയാള്‍ക്ക് കാര്യം മനസ്സിലാകുമെന്ന് പാര്‍ത്ഥ് വ്യക്തമാക്കി.
കേള്‍വിയുടേയും സംസാരത്തിന്റേയും ലോകം അന്യമായിട്ടും ബാഡ്മിന്റണില്‍ അനിതരസാധാരണമായ പ്രതിഭാപ്രകടനം നടത്തുന്ന വിനായക് ബഹാദൂറിനെ രാജ്യം ഇന്ന് ബാലശക്തി പുരസ്ക്കാരത്താല്‍ ആദരിക്കും.
ദേശീയ ബാലശക്തി പുരസ്ക്കാരം നല്‍കുന്നത് 5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ്. ഇത്തവണ 6 വിഭാഗങ്ങിലായി 49 കുട്ടികലെ പ്രത്യേക സമിതി തിരഞ്ഞെടുത്തതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഒരു ലക്ഷം രൂപയും മെഡലും പ്രശസ്തിപത്രവുമാണ് നല്‍കിയത്. ഇന്ന് പ്രധാനമന്ത്രിയുമായി സംവദിക്കുന്ന കുട്ടികള്‍ റിപ്പബ്ലിക് ദിനപരേഡിലെ അതിഥികളുമായിരിക്കും.