ഹാമില്ട്ടണ്: ഇന്ത്യ-ന്യൂസിലാന്‍ഡ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. മത്സരത്തില്‍ 38 റണ്‍സ് നേടിയതോടെ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡാണ് കോഹ്ലി സ്വന്തം പേരിലാക്കിയത്. ഇതോടെ ട്വന്റി20യില്‍ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്.
ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ മത്സരത്തില്‍ 25 റണ്‍സ് ആയിരുന്നു കോഹ്ലിക്ക് വേണ്ടിയിരുന്നത്. 38 റണ്‍സ് നേടിയതോടെ അന്താരാഷ്ട്ര ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നായകന്മാരുടെ പട്ടികയില്‍ കോഹ്ലി മൂന്നാം സ്ഥാനത്തെത്തി.
നിലവില്‍ 1,273 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്ല്യംസണ് 1,148 റണ്‍സുമായി രണ്ടാം സ്ഥാനത്തും 1,125 റണ്‍സുമായി കോഹ്ലിയാണ് മൂന്നാം സ്ഥാനത്ത്. 1,112 റണ്‍സ് നേടിയ ധോണിയാണ് പട്ടികയില്‍ നാലാമത്.