ന്യൂഡല്‍ഹി : വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം സ്വന്തമാക്കി ഇന്ത്യന്‍ വനിതാ ഹോക്കി ടീം താരം റാണി രാംപാല്‍. ലോകത്ത് ആദ്യമായാണ് ഹോക്കി താരത്തിന് വേള്‍ഡ് ഗെയിംസ് അത്ലറ്റിക് ഓഫ് ദി ഇയര്‍ പുരസ്കാരം ലഭിക്കുന്നത്. ലോകമെമ്പാടുമുള്ള കായിക പ്രേമികളില്‍ 20 ദിവസം നടന്ന വോട്ടെടുപ്പിന് ഒടുവിലാണ് റാണിയ്ക്ക് അഭിമാന നേട്ടം സ്വന്തമായത്.
ലോകത്തെ വിവിധയിടങ്ങളില്‍ നിന്നും മൊത്തം 705, 610 പേരാണ് വോട്ടിംഗ് പ്രക്രിയയില്‍ പങ്കെടുത്തത്. ഇതില്‍ 99,477 വോട്ടുകളാണ് റാണിയ്ക്ക് ലഭിച്ചത്. പുരസ്കാരം സ്വന്തമാക്കിയ റാണിയെ അധികൃതര്‍ അഭിനന്ദിച്ചു. ആകെ 25 നാമനിര്‍ദ്ദേശങ്ങളാണ് പുരസ്കാരത്തിനായി അധികൃതര്‍ക്ക് ലഭിച്ചത്.
എല്ലാ ഹോക്കി ആരാധകര്‍ക്കും, വനിതാ ഹോക്കി ടീമിനും രാജ്യത്തിനും പുരസ്കാരം സമര്‍പ്പിക്കുന്നതായി റാണി പറഞ്ഞു. ഹോക്കി ആരാധകരുടെയും സര്‍ക്കാരിന്റെയും രാജ്യത്തിന്റെയും സ്നേഹമാണ് തന്നെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. തനിക്ക് വേണ്ടി വോട്ട് ചെയ്ത എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും റാണി പറഞ്ഞു. അഭിമാന നേട്ടം സ്വന്തമാക്കിയ റാണിയെ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് അഭിനന്ദിച്ചു.
കഴിഞ്ഞ വര്‍ഷം എഫ്ഐഎച്ച് സീരീസ് ഫൈനല്‍സ് വിജയിച്ച റാണി പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയിരുന്നു. റാണിയുടെ നേതൃത്വത്തില്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ ഹോക്കി ടീം ഒളിംപ്കിസില്‍ യോഗ്യത നേടി. കായിക രംഗത്തെ മികച്ച പ്രകടനത്തിന് ഈ വര്‍ഷം പത്മശ്രീ നല്കി രാജ്യം ആദരിച്ചു.
റാണിയ്ക്ക് പിന്നാലെ 92,000 വോട്ടുകള്‍ നേടി യുക്രൈനിന്റെ കരാട്ടെ താരം സ്റ്റാനിസ്ലേവ് ഹൗറുണ രണ്ടാം സ്ഥാനവും, കനേഡിയന്‍ പവര്‍ലിഫ്റ്റിംഗ് താരം റഹിയ സ്റ്റിന് മൂന്നാം സ്ഥാനവും സ്വന്തമാക്കി.















