വെല്ലിംഗ്ടൺ: ഇന്ത്യ ന്യൂസിലൻഡ് പരമ്പരയിലെ നാലാം ട്വന്റി 20 ഇന്ന്. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇനിയുള്ള മത്സരങ്ങളിൽ ടീമിൽ പരീക്ഷണങ്ങൾ നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ മലയാളി താരം സഞ്ജു സാംസണും പേസർ നവ്ദീപ് സെയ്നിയ്ക്കും ഇന്ന് അവസരം ലഭിച്ചേക്കും.
മൂന്നാം ട്വന്റി20 യിൽ സൂപ്പർ ഓവറിലാണ് ഇന്ത്യ കിവീസിനെ തകർത്തത്. മത്സരത്തിലെ ഹീറോ മുഹമ്മദ് ഷമിയ്ക്ക് വിശ്രമം അനുവദിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പകരം സെയ്നിയ്ക്ക് അവസരം നൽകാനാണ് സാധ്യത. ഓപ്പണർ രോഹിത് ശർമ്മയ്ക്ക് വിശ്രമമനുവദിച്ചാൽ സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിന് പുറമെ കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവർക്കും അവസരം ലഭിച്ചേക്കും. പരിക്കിനെ തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെയും ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്.
അതേസമയം, മറുവശത്ത് എങ്ങനെയും ജയിക്കാനുറച്ചാകും ന്യൂസിലൻഡ് ഇറങ്ങുക. നായകൻ കെയ്ൻ വില്യംസൺ മികച്ച ഫോമിലുള്ളത് ആഥിതേയർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. എന്നാൽ മൂന്നാം മത്സരത്തിലെ അവസാന നിമിഷമുണ്ടായ അപ്രതീക്ഷിത സമനിലയും സൂപ്പർ ഓവറിലുണ്ടായ തോൽവിയും ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നുറപ്പ്.















