ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഇന്നലെ നടന്ന രണ്ടു കളികളില്‍ മുന്‍നിര ടീമുകള്‍ക്ക് ജയവും സമനിലയും. ആദ്യമത്സരത്തില്‍ ബേണ്‍ലീ എഫ് സിയും ആഴ്സണലുമാണ് ഗോള്‍രഹിത സമനിലയില്‍ പിരിയേണ്ടിവന്നത്. രണ്ടാം മത്സരത്തില്‍ ടോട്ടനം മാഞ്ചസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അട്ടിമറിച്ചു.
ഇരുപത്തിയഞ്ചാം റൗണ്ട് കളികള്‍ നടന്ന ആഴ്ചയില്‍ മികച്ച ജയത്തോടെ മുന്നേറാമെന്ന ആഴ്സണലിന്റെ മോഹം പക്ഷെ ബേണ്‍ലി കെടുത്തി. കൂടുതല്‍ സമയം പന്ത് കൈവശംവച്ചിട്ടും 463 പാസ്സുകളിലൂടെ എതിരാളിയുടെ കളത്തില്‍ നിരവധി മുന്നേറ്റം നടത്തിയിട്ടും ആഴ്സണലിന് കാര്യമായി ഒരു ഗുണവും ലഭിച്ചില്ല. നിലവില്‍ 31 പോയിന്റുകളോടെ ആഴ്സണല്‍ 10-ാംസ്ഥാനത്തും ബേണ്‍ലി അത്രതന്നെ പോയിന്റുമായി 11-ാം സ്ഥാനത്തുമാണ്.
രണ്ടാം മത്സരത്തില്‍ രണ്ടാം പകുതിയിലെ ആക്രമണത്തിലൂടെയാണ് ടോട്ടനം മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത്. മികച്ച പന്തടക്കത്തോടെ കളിച്ച സിറ്റിയെ പക്ഷെ എല്ലാ അര്‍ത്ഥത്തിലും ടോട്ടനം നിഷ്പ്രഭമാക്കി. രണ്ടാം പകുതിയില്‍ കിട്ടിയ രണ്ടവസരങ്ങളും ടോട്ടനം താരങ്ങള്‍ മുതലാക്കി. 63-ാം മിനിറ്റില്‍ സ്റ്റീവന്‍ ബെര്വിനും 71-ാം മിനിറ്റില്‍ സണ്‍ ഹ്യൂംഗ് മിനുമാണ് ടോട്ടനത്തിനായി ഗോളുകള്‍ നേടിയത്. 60-ാം മിനിറ്റില്‍ ഒലിസാന്റര് സിന്‍ചെങ്കോ ചുവപ്പുകാര്‍ഡ് കണ്ടതോടെ തൊട്ടടുത്ത നിമിഷം ടോട്ടനം ആദ്യ ഗോള്‍ നേടി. പോയിന്റ് നിലയില്‍ 37 പോയിന്റുകളുമായി ടോട്ടനം അഞ്ചാം സ്ഥാനത്തും സിറ്റി 51 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തുമാണ്.















