വെല്ലിംഗ്‌ടൺ : ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് രോഹിത് ശർമ്മ പുറത്തായതായി റിപ്പോർട്ട്. കാലിലെ പേശികൾക്കേറ്റ പരിക്കാണ് കാരണം. അഞ്ചാം ട്വെന്റി20 യിൽ രോഹിത് ബാറ്റ് ചെയ്തു കൊണ്ടിരിക്കെ പരിക്ക് പറ്റി പുറത്തു പോയിരുന്നു. 41 പന്തിൽ 60 റൺസെടുത്ത് നിൽക്കെയാണ് രോഹിത് കളി മതിയാക്കി ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്.
രോഹിതിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് കണക്കു കൂട്ടൽ. പരിക്ക് ഗുരുതരമാകാതിരിക്കാനാണ് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഔദ്യോഗികമായി ബിസിസിഐ വിവരം സ്ഥിരീകരിച്ചിട്ടില്ല. പുറത്തുവരുന്ന വാർത്തകൾ ശരിയാവുകയാണെങ്കിൽ ഹിറ്റ്‌മാനില്ലാതെ ബാക്കി മത്സരങ്ങൾ കളിക്കേണ്ടി വരുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്.
അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ന്യൂസിലൻഡിനു മേൽ വ്യക്തമായ മേൽക്കൈയാണ് നേടിയത്. ചരിത്രത്തിലാദ്യമായാണ് ഒരു ടി20 പരമ്പര ഒരു ടീം തൂത്തുവാരുന്നത്.















