സെന്‍വെസ് പാര്‍ക്ക്: അണ്ടര്‍ 19 ലോകകപ്പില്‍ ചിര വൈരികളായ പാകിസ്താനെ നാണം കെടുത്തി ഇന്ത്യ ഫൈനലില്‍. വിജയലക്ഷ്യമായ 174 റണ്‍സ് ഇന്ത്യ 35.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ മറികടന്നു. സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളും അര്‍ദ്ധ സെഞ്ച്വറി നേടിയ ദിവ്യാന്‍ഷ് സക്‌സേനയുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. ഇതോടെ തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യ അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലിലെത്തി.
113 പന്തില്‍ 8 ബൗണ്ടറികളും 4 സിക്‌സറുകളും പറത്തിയ ജയ്‌സ്വാള്‍ 105 റണ്‍സ് നേടി. പാകിസ്താന്‍ ബൗളര്‍മാരെ അനായാസം നേരിട്ട യശസ്വി ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോയി. മറുഭാഗത്ത് 99 പന്തുകള്‍ നേരിട്ട ദിവ്യാന്‍ഷ് സക്‌സേന യശസ്വി ജയ്‌സ്വാളിന് മികച്ച പിന്തുണ നല്‍കി. ക്ഷമയോടെ ബാറ്റ് വീശിയ സക്‌സേന 6 ബൗണ്ടറികളുടെ അകമ്പടിയോടെ 59 റണ്‍സ് നേടി.
നേരത്തെ, ടോസ് നേടിയ പാകിസ്താന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ കൗമാര ബോളിംഗ് നിരക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാകിസ്താന് കഴിഞ്ഞില്ല. ഓപ്പണര്‍ ഹൈദര്‍ അലി 56ഉം റൊഹാലി നസീര്‍ 62ഉം റണ്‍സ് നേടി. 21 റണ്‍സ് നേടിയ മൊഹമ്മദ് ഹാരിസിന്റെ പ്രകടനവും മാറ്റി നിര്‍ത്തിയാല്‍ പാക് നിരയില്‍ മറ്റാരും രണ്ടക്കം കടന്നില്ല.
ഇന്ത്യക്കു വേണ്ടി സുശാന്ത് മിശ്ര 3 വിക്കറ്റ് വീഴ്‌ത്തി. കാര്‍ത്തിക് ത്യാഗി, രവി ബിഷ്‌നോയ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ അഥര്‍വ അന്‍കൊലേക്കര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ന്യൂസിലന്‍ഡ്-ബംഗ്ലാദേശ് മത്സരത്തിലെ വിജയികളെയാണ് കലാശപ്പോരാട്ടത്തില്‍ ഇന്ത്യ നേരിടുക. ഫെബ്രുവരി 6നാണ് രണ്ടാം സെമി ഫൈനല്‍ നടക്കുക.















