കണ്ണൂര്‍: പ്ലാസ്റ്റിക് നിരോധിച്ചതോടെ വിപണിയില്‍ സജീവമായി കാണാറുള്ളവയാണ് ‘ഐ ആം നോട്ട് പ്ലാസ്റ്റിക്’ എന്ന പേരിലുള്ള ക്യാരീബാഗുകള്‍. എന്നാല്‍ ഇവയ്ക്കും നിരോധനം ബാധകമാണെന്ന് അറിയിച്ചിരിക്കുകയാണ് ശുചിത്വ മിഷന്. പ്ലാസ്റ്റിക് ക്യാരീബാഗുകള്ക്ക് പകരം ജൈവ ഉത്പന്നങ്ങള്‍ എന്ന പേരില്‍ വ്യാജ ഉത്പന്നങ്ങള്‍ വിപണിയില്‍ വ്യാപകമായതോടെയാണ് ഇത്തരം ക്യാരീബാഗുകള്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുണി, പേപ്പര്‍ സഞ്ചികള്‍ മാത്രമാണ് ഇനി അനുവദനീയമായിട്ടുള്ളത്.
ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനത്തിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് ക്യാരിബാഗുകളും ബയോകമ്പോസ്റ്റബിള് ക്യാരീബാഗുകളും പൂര്‍ണമായും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ജനുവരി ഒന്ന് മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയത്. ജനുവരി 1 മുതല്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയെങ്കിലും 15 മുതലാണ് പിഴ ഈടാക്കി തുടങ്ങിയത്. നിരോധിത ഉത്പന്നങ്ങള്‍ക്ക് പകരം എന്തൊക്കെ വസ്തുക്കള്‍ ഉപയോഗിക്കാമെന്ന് പരിസ്ഥിതി വകുപ്പ് പുരത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.