കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സായി(സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ)യും ഹരിയാനയും ഏറ്റുമുട്ടും. ചരിത്രത്തിലാദ്യമായാണ് ഒരു മേജര്‍ ടൂര്‍ണമെന്റില്‍ സായി കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. നാളെ വൈകീട്ട് നാലിനാണ് ഫൈനല്‍.
നിശ്ചിതസമയത്തും പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യത പാലിച്ചതിനെ തുടര്‍ന്ന് നടന്ന സഡന്‍ഡെത്തില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമിയെ 2-1ന് തോല്‍പിച്ചാണ് സായി(സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ) ഫൈനലിലെത്തിയത്. ആദ്യം അനുവദിച്ച അഞ്ച് ഷൂട്ടുകളില്‍ സായിക്കും മധ്യപ്രദേശ് ഹോക്കി അക്കാദമിക്കും ഒരെണ്ണമേ ഗോളാക്കാനായുള്ളൂ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സായിക്ക് വേണ്ടി സിംത മിന്‍സും മധ്യപ്രദേശ് ഹോക്കി അക്കാദമിക്ക് വേണ്ടി സാധ്ന സെന്‍ഗാറും ഗോള്‍ നേടി.
സഡന്‍ഡെത്തില്‍ സായിക്ക് വേണ്ടി സിംത മിന്‍സ് വീണ്ടും ഗോള്‍ സ്‌കോര്‍ ചെയ്തു. മധ്യപ്രദേശ് ഹോക്കി അക്കാദമിയുടെ സാധ്ന സെന്‍ഗാര്‍ ഷൂട്ട് പാഴാക്കിയതോടെ സായി ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക്. മധ്യപ്രദേശ് ഹോക്കി അക്കാദമിയുടെ അഞ്ച് ഷൂട്ടുകള്‍ രക്ഷപ്പെടുത്തിയ ഗോള്‍ കീപ്പര്‍ അന്‍ഷു ലാക്രയാണ് സായിയുടെ വിജയശില്‍പി. ആവേശകരമായ രണ്ടാം സെമി ഫൈനലില്‍ ഹരിയാന രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മഹാരാഷ്‌ട്രയെ തോല്‍പിച്ചു. ഹരിയാനയ്‌ക്കായി ദേവികസെന്‍ രണ്ട് ഗോള്‍ നേടി. ദീപികയുടെ വകയായിരുന്നു ഹരിയാനയുടെ ഒരു ഗോള്‍. മഹാരാഷ്‌ട്രയ്‌ക്കായി വൈഷ്ണവി വിദാല്‍ ഫാല്‍ക്കെ,റുതുജ പിസാല്‍ എന്നിവര്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തു.
നാളെ ഉച്ചക്ക് രണ്ടിന് നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ മധ്യപ്രദേശ് ഹോക്കി അക്കാദമിയും മഹാരാഷ്‌ട്രയും മാറ്റുരക്കും. ടൂര്‍ണമെന്റിലെ ഗോള്‍ സ്‌കോറര്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത് ആകെ ഒന്‍പത് ഗോളുകള്‍ നേടിയ മഹാരാഷ്‌ട്രയുടെ റുതുജ പിസാലാണ്. ഏഴ് ഗോളുകളുമായി ഹരിയാനയുടെ ദീപികയാണ് രണ്ടാം സ്ഥാനത്ത്.















