ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 47.2 ഓവറില്‍ 177 റണ്‍സിന് എല്ലാവരും പുറത്തായി. 88 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ പ്രകടനമാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.
ഇന്ത്യന്‍ നിരയില്‍ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കടന്നത്. യശസ്വിക്ക് പുറമെ തിലക് വര്‍മ്മ 38ഉം ധ്രുവ് ജുറെല്‍ 22ഉം റണ്‍സെടുത്ത് പുറത്തായി. തുടക്കം മുതല്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ പിടിച്ചു കെട്ടുന്ന പ്രകടനമായിരുന്നു ബംഗ്ലാദേശ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്.
ബംഗ്ലാദേശിനു വേണ്ടി അവിഷേക് ദാസ് 9 വറില് 40 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി. ഷൊറിഫുള്‍ ഇസ്ലാം, തന്‍സിം ഹസന് സാകിബ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ റഖിബുള്‍ ഹസന് 10 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്.















