കൊല്ലം: കൊല്ലത്ത് ആറ്റില്‍ ആറുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. ദേവനന്ദയെ തട്ടിക്കൊണ്ടു പോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. കുട്ടി ഒറ്റയ്ക്ക് ആറ്റില്ലേക്ക് പോകില്ലെന്ന് മുത്തച്ഛന് പറഞ്ഞു. അയല്‍ വീട്ടില്‍ പോലും പോകാത്ത കുട്ടിയായിരുന്നു ദേവനന്ദയെന്നും അമ്മയുടെ ഷോള് കുട്ടി ധരിച്ചിട്ടില്ലെന്നും മുത്തച്ഛന് മോഹനന് പിള്ള മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
യാതൊരു പരിചയവുമില്ലാത്ത വഴിയിലൂടെ കുഞ്ഞ് പോയെന്ന് പറയുന്നത് ശരിയല്ല. കുഞ്ഞ് അടുത്ത ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോയിട്ടില്ല. മുന്‍പ് കുഞ്ഞ് ക്ഷേത്രത്തില്‍ പോയിട്ടുള്ളത് മറ്റൊരു വഴിയിലൂടെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടി ഒറ്റയ്ക്ക് വീട്ടുപരിസരം വിട്ട് പോകില്ലെന്നാണ് അയല്‍വാസികളും പറയുന്നത്. അതേസമയം ദേവനന്ദയുടേത് മുങ്ങിമരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും നിറഞ്ഞിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും മൃതശരീരത്തില്‍ മുറിവോ ചതവോ പാടുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. അതേസമയം കുഞ്ഞ് എങ്ങനെയാണ് ആറ്റിന്റെ കരയിലേക്കെത്തിയതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.