ജനീവ : ലോകത്തെ ആഗോള യുവ നേതാക്കളുടെ പട്ടികയില്‍ ഇടം നേടി മലയാളിയും ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകനുമായ ബൈജു രവീന്ദ്രന്. വിവിധ മേഖലകളില്‍ കരുത്ത് തെളിയിച്ച 115 നേതാക്കളുടെ പട്ടികയിലാണ് ബൈജു രവീന്ദ്രന് ഇടം നേടിയിരിക്കുന്നത്. ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറമാണ് നേതാക്കളുടെ പട്ടിക പുറത്തുവിട്ടത്. ബൈജു രവീന്ദ്രന് പുറമേ നാല് ഇന്ത്യക്കാര്‍ കൂടി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
സൊമാറ്റോ സ്ഥാപകന്‍ ഗൗരവ് ഗുപ്ത, അനന്തര സീനിയര്‍ ലിവിംഗ് സിഇഒ താര സിംഗ് വചാനി, വിനാറ്റി ഓര്‍ഗാനിക് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും, സിഇഒയുമായ വിനാറ്റി മുറ്റേര്ജ, ഐഓറ ഇക്കോളജിക്കല്‍ സൊലൂഷന്റെ സിഇഒ സ്വപാന് മെഹ്റ എന്നിവരാണ് മറ്റ് നാല് ഇന്ത്യക്കാര്‍.
ബൈജൂസ് ലേണിംഗ് ആപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കിയതിനാണ് ബൈജു രവീന്ദ്രനെ ആഗോള യുവ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്. സൊമാറ്റോയിലൂടെ പുതിയ ഭക്ഷ്യ സാങ്കേതിക വിദ്യ തുടക്കം കുറിച്ചതിനാണ് ഗൗരവ് ഗുപ്ത പട്ടികയില്‍ ഇടം നേടിയത്.
പരിസ്ഥിതിയ്ക്ക് കോട്ടം പറ്റാത്ത വിധത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ തെരഞ്ഞെടുക്കുന്ന പുത്തന്‍ രീതികള്‍ ഉപയോഗിക്കുന്നതാണ് വിനാറ്റിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പരിസ്ഥിതി, കാലാവസ്ഥ എന്നിവയെ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ് ഐഓറ ഇക്കോളജിക്കല്‍ സൊലൂഷന് മേധാവി മെഹ്റയ്ക്ക് അംഗീകാരം ലഭിച്ചത്.
വിവിധ മേഖലകളില്‍ സമഗ്രമായ മാറ്റം സംഭാവന ചെയ്ത 40 ല്‍ താഴെ പ്രായമുള്ള ആളുകളെ കണ്ടെത്തുന്നതിനായാണ് വേള്‍ഡ് എക്കണോമിക് ഫോറം പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 52 രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളെ പട്ടിക തയ്യാറാക്കാനായി പരിഗണിച്ചത്. ഇതില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുതല്‍ അഴിമതി അന്വേഷിക്കുന്നവര്‍ വരെ ഉണ്ടെന്നാണ് വിവരം.