കാസര്‍കോട് : ദേലംപാടിയില്‍ പോലീസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. മര്‍ദ്ദനത്തില്‍ ഒരു എസ്ഐ അടക്കം നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ദേലംപാടി കല്ലട്ക്കയിലാണ് സംഭവം. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ പരിക്ക് സാരമുള്ളതാണ്.
റോഡിലെ തടസ്സം നീക്കാന്‍ കല്ലട്ക്ക കോളനിയില്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കോളനിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ പ്രവേശിക്കാന്‍ അനുവദിക്കാതെ റോഡ് അടച്ചിരുന്നു. ഇത് അറിഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ തടസ്സം നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഇത് കണ്ട് സംഘടിച്ച് എത്തിയ നാട്ടുകാര്‍ പട്ടികയും മരക്കഷ്ണവും ഉപയോഗിച്ച് പോലീസിനെ ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളത്തും സമാന രീതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയ യുവാക്കള്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നതിനിടെ പോലീസിനെ മര്‍ദ്ദിക്കുകയായിരുന്നു.