കൊല്ലം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണത്തിലിരിക്കെ കടന്നു കളഞ്ഞ ജില്ല മുന്‍ സബ് കളക്ടര്‍ അനുപം മിശ്രയയുടെ ഗണ്മാനെയും ഡ്രൈവറെയും സസ്പെന്‍ഡ് ചെയ്തു. നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദ്ദേശം ഇരുവരും പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്. നിര്‍ദ്ദേശം ലംഘിച്ചതിന് ഇരുവര്‍ക്കുമെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിരീക്ഷണത്തില്‍ കഴിയവേ കടന്നു കളഞ്ഞ അനുപം മിശ്രയെ നേരത്തെ സസ്പെന്‍ഡ് ചെയ്യുകയും, നിര്‍ദ്ദേശം ലംഘിച്ചതിന് കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഗണ്മാനെയും ഡ്രൈവറെയും സസ്പെന്‍ഡ് ചെയ്തത്. അനുപം മിശ്ര കടന്നു കളഞ്ഞത് ഇരുവരുടെയും സഹായത്തോടെയാണെന്നാണ് സൂചന.
വിലക്ക് ലംഘിച്ചതിന് കൊല്ലം പോലീസാണ് അനുപം മിശ്രയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്്. സബ്കളക്ടര്‍ ഗുരുതര അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് അനുപം മിശ്രയ്ക്കെതിരെ നടപടി സ്വീകരിച്ചത്. ്അതേസമയം വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ സ്വന്തം വീട്ടില്‍ പോകാന്‍ പറഞ്ഞതാണെന്നാണ് കരുതിയാണ് താന്‍ കേരളം വിട്ടതെന്നാണ് അനുപം മിശ്ര നല്കിയ വിശദീകരണം.
വിവാഹ ശേഷം ഭാര്യയുമൊത്ത് സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ പോയി തിരികെയെത്തിയ അനുപം മിശ്രയോട് ജില്ലാ കളക്ടറാണ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ 19-ാം തിയതി മുതല്‍ നിരീക്ഷണത്തില്‍ ഇരിക്കേണ്ട അനുപം മിശ്ര ഇതിനിടെ ആരുമറിയാതെ കടന്നു കളയുകയായിരുന്നു. വീട്ടില്‍ വെളിച്ചം കാണുന്നില്ലെന്ന് പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഔദ്യോഗിക നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് ബംഗളൂരുവില്‍ ഉള്ളതായി അനുപം മിശ്ര അറിയിച്ചത്.