ന്യൂഡൽഹി: ആഗോള തലത്തിലെ കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് ഇന്ത്യയിൽ നടത്താനിരുന്ന അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പ് മാറ്റിവെച്ചു. ഫിഫ കോൺഫെഡറേഷൻ പ്രവർത്തക സമിതിയുടേതാണ് തീരുമാനം. നവംബറിലാണ് ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നത്.
കൊൽക്കത്ത, ഗുവാഹട്ടി, ഭുവനേശ്വർ, അഹമ്മദാബാദ്, നവി മുംബൈ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. നവംബർ 2 മുതൽ 21 വരെയായിരുന്നു ലോകകപ്പ് മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. എന്നാൽ ആഗോള തലത്തിൽ വൈറസ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് ലോകകപ്പ് മാറ്റി വെക്കുകയാണെന്ന് ഫിഫ അറിയിക്കുകയായിരുന്നു.
ആതിഥേയരായ ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളാണ് ലോകകപ്പിൽ മാറ്റുരക്കുക. ആതിഥേയ രാജ്യത്തിന് മത്സരങ്ങളുടെ ഭാഗമാകാമെന്നാണ് നിയമം. ഇതോടെ ഇന്ത്യ ആദ്യമായാണ് അണ്ടർ 17 ലോകകപ്പിൽ യോഗ്യത നേടുന്നത്. ലോകകപ്പിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.















