അമരാവതി: നിരോധിത സംഘടനയായ സി.പി.ഐ (മാവോയിസ്റ്റ്) ആശയങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി. ബച്ചലകുരി ജോസഫ് അഥവാ ‘രാവൺ’ എന്ന യൂട്യൂബറെയാണ് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
‘പ്രശ്ന’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണിയാൾ. 2025 നവംബർ 25-ന് അപ്ലോഡ് ചെയ്ത വീഡിയോയിൽ ഇയാൾ കമ്യൂണിസ്റ്റ് ഭീകരർക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ സായുധ വിപ്ലവത്തെ പിന്തുണയ്‌ക്കാനും ഇയാൾ ആഹ്വാനം ചെയ്തിരുന്നു. മാവോയിസ്റ്റ് നേതാവ് ഹിദ്മയെ മഹത്വവൽക്കരിച്ചു കൊണ്ടുളള വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ഗന്നവരം സ്വദേശിയും ജനസേന പാർട്ടി നേതാവും ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഡയറക്ടറുമായ ഗരികപാട്ടി ശിവശങ്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
രാജ്യത്തിനെതിരായ ഗൂഢാലോചന, രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും എതിരായ പ്രവർത്തനം, അക്രമത്തിന് പ്രേരണ നൽകുന്ന പ്രസംഗം, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ദേശീയ ഐക്യത്തിന് ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിക്കൽ, വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.















