ലണ്ടന്‍: കൊറോണയില്‍ ലോകത്തെ എല്ലാ കളിക്കളങ്ങളും നിശ്ചലമായെങ്കിലും യുവേഫ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഇടക്കുമുടങ്ങിയ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപോരാട്ടം ആഗസ്റ്റ് 29ന് നടത്താനുള്ള തയ്യാറെടുപ്പിലാണ് യൂറോപ്പിലെ ഫുട്‌ബോള്‍ അസോസിയേഷന്‍. 2019-20 സീസണിന്റെ കലാശപോരാട്ടമാണ് ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ നിലവില്‍ ധാരണയായിരിക്കുന്നത്. കഴിഞ്ഞ തവണ ലിവര്‍പൂളാണ് ചാമ്പ്യന്മാരായത്. ഇത്തവണയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറെ മുന്നിലാണ് ലിവര്‍പൂള്‍.
എങ്ങനേയും ചാമ്പ്യന്‍സ് ലീഗ് കലാശപോരാട്ടം നേരത്തേ തീര്‍ക്കണമെന്നതില്‍ എല്ലാ ലീഗുകളും സമാന തീരുമാനത്തിലാണ്. മുടങ്ങിയിരിക്കുന്ന കളികളെല്ലാം ജൂലൈ-ആഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാക്കിവേണം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടത്താനെന്നതാണ് നിലവിലെ കടമ്പ. കൊറോണയുടെ വ്യാപനം യൂറോപ്പിനെയാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. പ്രമുഖ ലീഗുകളുടെ നാടായ ഫ്രാന്‍സും ഇറ്റലിയും ജര്‍മ്മനിയും സ്‌പെയിനും ഇംഗ്ലണ്ടും ശക്തമായ രോഗവ്യാപനത്തിന്റേയും മരണത്തിന്റേയും പിടിയിലാണ്.
ആഗസ്റ്റ് 29ന് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നടത്താനും അതിന് മൂന്ന് ദിവസം മുന്നേ 26ന് യൂറോപ്പാ ലീഗ് കലാശപ്പോരാട്ടം ഗാന്ഡസക്കില്‍ നടത്തണമെന്നുമാണ് ഏകദേശ ധാരണ. രണ്ടു തരത്തിലാണ് ചാമ്പ്യന്‍സ് ലീഗ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടമായി ക്വാര്‍ട്ടര്‍ ഫൈനലുകളും സെമിയും രണ്ടുപാദ മത്സരങ്ങളായി ജൂലൈയിലും ആഗസ്റ്റിലുമായി പൂര്‍ത്തിയാക്കി ഫൈനല്‍ നടത്തുക എന്നതാണ്.
രണ്ടാമത്തെ ആശയം എല്ലാ പ്രാദേശിക ലീഗുകളും കഴിഞ്ഞ് ഒരാഴ്ചത്തെ മിനി ടൂര്‍ണ്ണമെന്റായി ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കലാണ്. ക്വാര്‍ട്ടറിനായുള്ള 8 പേരില്‍ നാലു ടീമുകളും വ്യക്തമായിക്കഴിഞ്ഞു. ഇതില്‍ ശക്തരായ മാഞ്ചസ്റ്റര്‍ സിറ്റി-റയല്‍ മാഡ്രിഡ് പോരാട്ടം നടക്കാനിരിക്കേയാണ് കൊറോണ ബാധിച്ചത്.
യൂറോപ്പാ ലീഗിന്റെ കാര്യം കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. 16 രണ്ടാം പാദമത്സരങ്ങളില്‍ ഇനിയും 8 എണ്ണം പൂര്‍ത്തിയാകാനുണ്ട്. ഇതിലാകട്ടെ സ്പാനിഷ് ലീഗിലേയും ഇറ്റാലിയന്‍ ലീഗിലേയും ടീമുകളുടെ ആദ്യപാദ മത്സരങ്ങള്‍ പോലും നടന്നിട്ടില്ല.















