ലണ്ടന്‍: കൊറോണ വ്യാപനം അനിശ്ചിതമായി നിലനില്ക്കുന്നതോടെ ഫുട്ബോള്‍ താരങ്ങളുടെ കൈമാറ്റ ലേലങ്ങളുടെ ഭാവിയും തുലാസിലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ഇറ്റാലിയന്‍ ലീഗുമടക്കം പ്രമുഖ ലീഗുകള്‍ ചില താരങ്ങളെ നോട്ടമിട്ട സീസണാണ് ഒരു മത്സരം പോലും നടക്കാതെ നിശ്ചലമായിരിക്കുന്നത്. താരങ്ങള്‍ കളത്തിലിറങ്ങിയാല്‍ കിട്ടുന്ന വാര്‍ത്താ പ്രാധാന്യവും താരമൂല്യവുമെല്ലാം വിലയേയും ക്ലബ്ബുകളുടെ പ്രശസ്തിയേയും ഏറെ സ്വാധീനിക്കുന്ന ഒന്നാണെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ടോട്ടനം താരം ഹാരീ കെയിന്‍, നെയ്മര്‍, ജര്‍മ്മന്‍ ലീഗിലെ ബൊറോസിയ താരം ജെയ്ഡന്‍ സാഞ്ചോ എന്നിവരെല്ലാം ഈ സീസണില്‍ കൈമാറ്റ തട്ടകത്തിലുള്ളവരാണ്.
ഇതിനിടെ മത്സരങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കാന്‍ ക്ലബ്ബുകള്‍ വന്‍തുകക്കാണ് സംപ്രേക്ഷണാവകാശം കായിക മാദ്ധ്യമങ്ങള്‍ക്ക് വിറ്റത്. മത്സരം നടന്നില്ലെങ്കില്‍ മടക്കികൊടുക്കേണ്ടിവരിക കുറഞ്ഞത് 9000 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായിരിക്കും.