തിരുവനന്തപുരം: മദ്യത്തിന് മൊബൈല്‍ ആപ്പ് വരുന്നതില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം. ആപ്പ് സിപിഎം സഹയാത്രികന്റെ കമ്പനിയെ ഏല്പിക്കുന്നത് എന്തിനെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒഴിവാക്കി സിപിഎം സഹയാത്രികന്റെ കമ്പനിയെ തിരഞ്ഞെടുത്തത് ആരാണെന്ന് വ്യക്തമാക്കണമെന്നും നടപടി റദ്ദാക്കി വിശദമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ആപ്പ് വൈകുന്നത് മുന്‍പരിചയമില്ലാത്തവരെ ഏല്‍പിച്ചതിനാലാണെന്നും അദ്ദേഹം ആരോപിച്ചു.
മദ്യം ഓണ്‍ലൈനായി നല്‍കാനുള്ള ആപ്പിന്റെ കരാര്‍ നല്‍കിയത് സിപിഎമ്മിന്റെ സൈബര്‍ തൊഴിലാളി മുതലാളി ആയ കമ്പനിക്ക് ആണെന്ന് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫെയര്‍ കോഡ് ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് കരാര്‍ നല്‍കിയത് നടപടികള്‍ അട്ടിമറിച്ചെന്നും ആരോപണം.
പാലക്കാട് സ്വദേശിയും സിപിഎം സൈബര്‍ തൊഴിലാളിയുമായ രജിത് രാമചന്ദ്രന് ഡയറക്ടറായ കമ്പനിയാണ് ഫെയര്‍ കോഡ്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയാണിത്. ഇയാള്‍ക്കൊപ്പമുള്ള മറ്റ് ഡയറക്ടര്‍മാരും പാര്‍ട്ടി അനുഭാവികളാണെന്ന് സൂചനയുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം സൈബര്‍ മേഖലയിലെ കുഴലൂത്തുകാരെല്ലാം സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങുകയും അതിന് ഐടീയുമായി ബന്ധപ്പെട്ട കരാറുകള്‍ കിട്ടുന്നതും ഇപ്പോള്‍ സ്ഥിരം സംഭവമായിട്ടുണ്ടെന്നാണ് ആരോപണം ഉയരുന്നത്. ഈ കമ്പനിയെ തെരഞ്ഞെടുക്കാനുള്ള നടപടികളില്‍ തന്നെ അട്ടിമറിയുണ്ടായെന്നും ആരോപണമുണ്ട്.
നേരത്തെ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രചാരണം നടത്താന്‍ ലക്ഷക്കണക്കിന് രൂപ നല്കിയ ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്നോളജീസ് എന്ന കമ്പനി കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന് ബന്ധമുള്ള കമ്പനിയാണ്. ഇത് വലിയ വിവാദമായിരുന്നു. ഇതുപോലെ തന്നെയുള്ള മറ്റൊരു അഴിമതിയാണ് മദ്യക്യൂവിനുള്ള ആപ്പ് നിര്‍മ്മിക്കാനുള്ള കരാര്‍ എന്നാണ് ആരോപണം.