കൊല്ലം: പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവതി വീണ്ടും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് പ്രതിയെന്ന് കണ്ടെത്തല്‍. ഉത്രയെ സൂരജ് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതില്‍ നിര്‍ണ്ണായകമായത് സൂരജും പാമ്പു പിടിത്തക്കാരനുമായുള്ള ബന്ധമാണ്.
കല്ലുവാതുക്കല്‍ സ്വദേശിയായ സുരേഷ് എന്ന പാമ്പാട്ടിയുമായി സൂരജിന് അടുത്ത ബന്ധമുണ്ടായതായി കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ആറ് മാസമായി സൂരജും പാമ്പ് പിടിത്തക്കാരനുമായി നടത്തിയ ഫോണ്‍ വിളിയുടെ വിവരങ്ങള്‍ മുന്നില്‍ വെച്ചുള്ള ചോദ്യം ചെയ്യലില്‍ സൂരജിന്റെ എല്ലാ പ്രതിരോധവും തകര്‍ന്ന് അവസാനം കുറ്റസമ്മതം നടത്തുകയായിരുന്നു. പതിനായിരം രൂപയ്ക്കാണ് കൊടും വിഷമുള്ള പാമ്പിനെ സൂരജ് വാങ്ങിയത്.
സൂരജിന്റെ വീട്ടില്‍ പാമ്പുമായി ചില സുഹൃത്തുക്കള്‍ എത്തിയിരുന്നെന്നും പാമ്പിനെ സൂരജ് കൈകൊണ്ട് എടുത്ത് കളിപ്പിച്ചിരുന്നെന്നും ഉത്ര മാതാപിതാക്കളോട് പറഞ്ഞിരുന്നെന്ന് പോലീസിന് മൊഴി ലഭിച്ചിരുന്നു. ഇതോടെ സൂരജിന്റെ പാമ്പ് പിടുത്തക്കാരായ സുഹൃത്തുക്കളെ തേടി അന്വേഷണ സംഘം ഇറങ്ങുകയായിരുന്നു.
ഇങ്ങനെയാണ് സുരേഷും സൂരജും തമ്മിലുള്ള ബന്ധം പുറത്തറിയുന്നത്. ജനലിലൂടെ പാമ്പ് കയറിയെന്ന സൂരജിന്റെ മൊഴി ശാസ്ത്രീയമായി അന്വേഷണ സംഘം പൊളിച്ചിരുന്നു. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് പാമ്പ് കടിയേറ്റ് ഉത്ര മരിച്ചത്.മാര്‍ച്ച് 2 ന് അടൂരിലെ ഭര്ത്തൃവീട്ടില്വെച്ചും ഉത്രയ്ക്ക് പാമ്പ് കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്കും വിശ്രമത്തിനുമാണ് മാതാപിതാക്കള്‍ താമസിക്കുന്ന കുടുംബ വീട്ടിലെത്തിയിരുന്നത്.