മലപ്പുറം : ജില്ലയില്‍ കൊറോണയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന ആറ് പേര്‍ക്ക് രോഗമുക്തി. പരിശോധന ഫലം നെഗറ്റീവ് ആയതോടെ നാളെ ഇവര്‍ ആശുപത്രി വിടും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീനയാണ് ഇക്കാര്യം അറിയച്ചത്.
മെയ് 10 ന് രോഗബാധ സ്ഥിരീകരിച്ച അങ്ങാടിപ്പുറം സ്വദേശിയായ 34 കാരന്, മെയ് 14 ന് രോഗബാധ കണ്ടെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശിയായ 27 കാരന്, അന്നുതന്നെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് മൈത്രി റോഡ് സ്വദേശിയായ 44 കാരന്, മെയ് 15 ന് രോഗബാധ സ്ഥിരീകരിച്ച മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിയായ 49 കാരന്, മെയ് 17 ന് ചികിത്സയിലായ വളാഞ്ചേരി വടക്കുംപുറം സ്വദേശിയായ 61 കാരന്, താനാളൂര്‍ സ്വദേശിയായ 33 കാരന് എന്നിവരാണ് രോഗം ഭേദമായി നാളെ വീടുകളിലേക്ക് മടങ്ങുക. ഇവര്‍ക്ക് പുറമേ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ആലപ്പുഴ സ്വദേശിനിക്കും രോഗം ഭേദമായിട്ടുണ്ട്. ഇവരെല്ലാം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.
രോഗം ഭദമായി വീട്ടിലേക്ക് മടങ്ങുന്നവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാനാണ് അധികൃതരുടെ നിര്‍ദ്ദേശം. നിലവില്‍ ഇവരെല്ലാം തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലാണ്.