കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ മാദ്ധ്യമ പ്രവര്‍ത്തകനു നേരെ ആള്‍ക്കൂട്ട ആക്രമണമെന്ന വാര്‍ത്ത വ്യാജമെന്ന് നാട്ടുകാര്‍. ആള്‍ക്കൂട്ടം അക്രമിച്ചെന്നാരോപിച്ച് ‘മാധ്യമം’ ദിനപത്രത്തിലെ മാദ്ധ്യമപ്രവര്ത്തകന് അഞ്ചുപേര്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. എന്നാല്‍ ആള്‍ക്കൂട്ട അക്രമം ഉണ്ടായിട്ടില്ലെന്നും യുവാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. മാദ്ധ്യമപ്രവര്‍ത്തകനെ അക്രമിച്ചെന്ന് വ്യാജവാര്‍ത്ത നല്കിയ മാധ്യമം ദിനപത്രം കത്തിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ മാദ്ധ്യമം ദിനപത്രത്തിലെ മാധ്യമ പ്രവര്ത്തകന് സി.പി. ബിനീഷിന് നേരെ ആള്‍ക്കൂട്ട ആക്രമണം നടന്നുവെന്നാണ് ആരോപണം. പ്രമുഖമാദ്ധ്യമങ്ങളിലുള്പ്പടെ വാര്‍ത്തകളും വന്നു. സംഭവത്തില്‍ ബിനീഷിന് ഐക്യദാര്‍ഢ്യവുമായി നിരവധി മാദ്ധ്യമപ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു.
എന്നാല്‍ നരിക്കുനിയില്‍ മാസങ്ങളായി കള്ളന്മാരുടെ ശല്യം ഉണ്ടെന്നും പ്രദേശത്ത് എത്തിയ അപരിചിതനായ വ്യക്തിയെ കണ്ടപ്പോള്‍ ആരാണെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും മാദ്ധ്യമ പ്രവര്‍ത്തകനെ മര്‍ദിക്കുകയോ ദേഹോപദ്രവം ചെയ്തില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്നത് കെട്ടിച്ചമച്ച വാര്‍ത്തകളാണെന്നും സംഭവത്തില്‍ മാധ്യമം ദിനപത്രത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.
സംഭവത്തില്‍ മാധ്യമം പത്രത്തിനെതിരെയും മാദ്ധ്യമപ്രവര്‍ത്തകനെതിരെയും സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.