ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളിലൂടെയുള്ള വ്യാജ സന്ദേശം തിരിച്ചറിയുന്നതില്‍ സാധാരണക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി. വാട്സ് ആപ്പ് വഴിയുള്ള വ്യാജസന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെയാണ് സുപ്രീം കോടതി ജഡ്ജിയുടെ പരാമര്‍ശം. ജസ്റ്റിസ് സഞ്ജയ് കിഷന് കൗളാണ് വ്യാജസന്ദേശങ്ങളെ തിരിച്ചറിയാന്‍ ജനങ്ങള്‍ പരിശീലിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയത്.
ജനങ്ങള്‍ ആദ്യം വാട്സ് ആപ്പ് സന്ദേശങ്ങള്‍ പലതും ആവശ്യമാണോ എന്ന് കണ്ടെത്താനാണ് പഠിക്കേണ്ടത്. ഇത് തിരിച്ചറിഞ്ഞാല്‍ മാത്രമേ മാറ്റമുണ്ടാകൂ. അതിലൂടെ മാത്രമേ നല്ലതും ചീത്തയുമായ വാര്‍ത്തകളും വിവരങ്ങളും തിരിച്ചറിയാന്‍ സാധിക്കൂ. അനാവശ്യവും വ്യാജവുമായ വാര്‍ത്തകള്‍ വാട്സ് ആപ്പ് വഴി പ്രചരിപ്പിക്കുന്നവരും അത് സ്വീകരിച്ച ശേഷം മറ്റുള്ളവര്‍ക്ക് അയക്കുന്നവരും ഒരു പോലെ കുറ്റക്കാരാണെന്ന നിയമപരമായ മുന്നറിയിപ്പും കൗള്‍ നല്കി. മദ്രാസ് ബാര്‍ അസോസിയേഷന്റെ സൈബര്‍ നിയമവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും എന്ന വിഷയത്തിലെ വെബ്നാറില്‍ സംസാരിക്കുകയായിരുന്നു കൗള്‍.
രാജ്യം നിലവില്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കൊറോണ വിഷയത്തിലാണ് ഏറ്റവും അധികം വ്യാജ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. ചികിത്സകളടക്കം പലതും ജനങ്ങളെ അപകടപ്പെടുത്തുന്ന വിവരമാണ്. പല സന്ദേശങ്ങളും മതപരവും വര്‍ഗ്ഗീയവുമായ ചേരിതിരിവും ശത്രുതയും ഉണ്ടാക്കുന്നവയുമാണ്. വാര്ത്താമാദ്ധ്യങ്ങള്ക്കുള്ള ബാധ്യത തങ്ങള്‍ക്ക് വേണ്ട എന്ന സൗകര്യമാണ് വാട്സ് ആപ്പിലൂടെ ജനങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതെന്നും സഞ്ജയ് കൗള്‍ ഓര്‍മ്മിപ്പിച്ചു.