ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം മറയാക്കി ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രിതമെന്ന് തെളിയുന്നു. മുന്‍ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്. കലാപത്തിന് പിന്നില്‍ തീവ്ര ഇടത് സംഘടനയായ പിംജ്ര തോഡിനും പങ്കുണ്ടെന്ന് വ്യക്തമായി.
കലാപം നടക്കുന്നതിനു മുന്‍പായി ഞെട്ടിക്കുന്ന സന്ദേശങ്ങളാണ് വാട്സ് ആപ്പ് വഴി പ്രചരിച്ചത്. മുസ്ലീങ്ങള്‍ ആസിഡും പെട്രോളും കല്ലുകളും ചൂടുവെള്ളവും തയ്യാറാക്കി വെക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. ഡല്‍ഹി പോലീസ് അടുത്തിടെ അറസ്റ്റ് ചെയ്ത പിംജ്ര തോഡ് ആക്ടിവിസ്റ്റുകളായ നടാഷയുടേയും ദേവാംഗനയുടേയും ഫോണുകള്‍ പരിശോധിച്ചപ്പോഴും സമാനമായ സന്ദേശങ്ങള്‍ കണ്ടെത്തിയതായാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
വീടുകളില്‍ ചൂടുവെള്ളവും ആസിഡും തയ്യാറാക്കി വെക്കുക, വീട്ടിലെ കാറില്‍ നിന്നോ ബൈക്കില്‍ നിന്നോ പെട്രോള്‍ ശേഖരിച്ചു വെക്കുക, ടെറസിലോ ബാല്‍ക്കണിയിലോ ഇഷ്ടികകളോ കല്ലുകളോ സൂക്ഷിക്കുക, വീടുകള്‍ക്ക് ലോഹ വാതിലുകള്‍ ഉള്ളവര്‍ അത് വൈദ്യുതീകരിക്കാന്‍ ശ്രമിക്കുക എന്നിങ്ങനെയുള്ള സന്ദേശങ്ങളാണ് കലാപത്തിനു മുന്നോടിയായി ഡല്‍ഹിയില്‍ പ്രചരിച്ചത്. നേരത്തെ തന്നെ പുറത്തുനിന്നുള്ളവരുടെ പങ്ക് സംശയിക്കുന്നതായി ഡല്‍ഹി പോലീസ് സംശയിച്ചിരുന്നു. ഇതോടെയാണ് സംശയം പിംജ്ര തോഡിലേക്കും നീണ്ടത്.
ഫെബ്രുവരി 22ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷനില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പിംജ്ര തോഡാണെന്നാണ് കണ്ടെത്തിയത്. രാത്രി 10 മണിയോടെ നടന്ന അക്രമത്തിലേക്ക് ആളുകളെ എത്തിച്ചത് പിംജ്ര തോഡ് ആക്ടിവിസ്റ്റുകളാണ്. പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കിയതിനു പുറമെ, അക്രമം അഴിച്ചുവിട്ടവരിലും ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിന്റെ ഭാഗമായി ആക്ടിവിസ്റ്റുകളായ നടാഷയേയും ദേവാംഗനയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ദേവാംഗനക്കെതിരെ യുഎപിഎ ചുമത്തുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 147, 148, 149, 186, 353, 332, 333, 323, 283, 188, 427, 307, 302, 120ബി, 34 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
അതേസമയം, ജെ.എന്‍.യുവിലെ ദേശവിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖ്യ ആസൂത്രകനും ഇടത് വിദ്യാര്‍ത്ഥി നേതാവുമായ ഉമര്‍ ഖാലിദുമായും താഹിര്‍ ഹുസൈന് ബന്ധമുണ്ടെന്നാണ് ഡല്‍ഹി പോലീസ് കണ്ടെത്തിയത്. ഡല്‍ഹി കലാപത്തിന്റെ മുഖ്യ ആസൂത്രകന്‍ താഹിര്‍ ഹുസൈനാണെന്നാണ് ഡല്‍ഹി പോലീസ് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രമാണ് താഹിര്‍ ഹുസൈനെതിരെ സമര്‍പ്പിച്ചത്. ചാന്ദ്ബാഗിലെ കലാപത്തിനായി 1.30 കോടി രൂപ താഹിര്‍ ഹുസൈന് ധനസഹായമായി നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ചാന്ദ്ബാഗിലും ജാഫര്‍ബാദിലും നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം തയ്യാറാക്കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 109, 114, 147, 148, 149, 186, 353, 395, 427, 435, 436, 452, 454, 153എ, 505, 120ബി എന്നീ വകുപ്പുകളാണ് താഹിര്‍ ഹുസൈനെതിരെ ചുമത്തിയത്.