ന്യൂഡല്‍ഹി: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഐഇഡി വിദഗ്ധന്‍ ഉള്‍പ്പെടെയുള്ളവരെയാണ് സൈന്യം വധിച്ചത്. മൂന്ന് പേരും ജയ്ഷെ മുഹമ്മദ് ഭീകരരാണെന്ന് സ്ഥിരീകരിച്ചു.
ഭീകരരുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ മേഖലയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി വിച്ഛേദിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്ന പ്രദേശത്തിന് സമീപമെത്തിയ സുരക്ഷാ സേന ഇവരോട് കീഴടങ്ങാന്‍ നിര്‍ദ്ദേശം നല്കി. ഇതോടെ, ഭീകരര്‍ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ഏറ്റമുട്ടലിലാണ് മൂന്ന് ഭീകരരേയും സേന വധിച്ചത്.
ഇന്ന് അതിരാവിലെയാണ് പുല്‍വാമയിലെ കന്‍ഗന്‍ മേഖലിയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി വൈകിയും സുരക്ഷാ സേന ഭീകരര്‍ക്കായുള്ള തെരച്ചില്‍ നടത്തിയിരുന്നു. ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്.