തിരുവനന്തപുരം: നിയന്ത്രണങ്ങളോടെ ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കുമെന്ന നിലപാടില്‍ ഉറച്ച് ദേവസ്വം ബോര്‍ഡ് . ശബരിമല ഉത്സവം നടത്താനും ദര്‍ശനം അനുവദിക്കാനും തീരുമാനിച്ചത് തന്ത്രിയുടെ അഭിപ്രായം തേടിയ ശേഷമാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍ വാസു. ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുത് എന്നു ആവശ്യപ്പെട്ട് തന്ത്രിയുടെ കത്തു ലഭിച്ചിട്ടില്ലെന്നും ഔദ്യോഗികമായി കത്തു ലഭിച്ച ശേഷം തീരുമാനം കൈ കൊള്ളുമെന്നും വാസു അറിയിച്ചു. ഈ മാസം 14ന് ശബരിമല നട തുറക്കും. നിയന്ത്രണങ്ങളോടെ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപന സാഹചര്യം നിലനില്‍ക്കെ ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്. ശബരിമല നട മാസപൂജയ്ക്കായി തുറക്കാനും ഉത്സവം നടത്താനുമുള്ള ദേവസ്വംബോര്‍ഡിന്റെ തീരുമാനം മാറ്റിവെക്കണമെന്നാണ് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
തന്ത്രിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ രോഗ വ്യാപനത്തിന്റെ ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് തീര്‍ത്ഥാടകരെത്തുന്നത് വലിയ പ്രതിസസി സൃഷ്ടിക്കുമെന്ന് സുരേന്ദ്രന് പറഞ്ഞു.