ഇന്നലെ പകല്‍ മാനനീയ വേണുവേട്ടന്റെ മരണത്തെ പറ്റി ഞാന്‍ സങ്കല്പിച്ചിരുന്നു. ഇന്ന് ആളും ആരവവും ഇല്ലാതെ വേണുവേട്ടന്‍ യാത്രയായി. മാനനീയ പരമേശ്വര്‍ജീയുടെ മരണം പോലെ വേണുവേട്ടന്റെ മരണം വികാര നിര്‍ഭരമായില്ല. ആള്‍കൂട്ടവും അനുസ്മരണങ്ങളും ഉണ്ടായില്ല. വേണുവേട്ടന്റെ ജീവിതം പോലെ മരണവും അനാര്‍ഭാടമായി മാറി.
സംഘവൃക്ഷത്തിലെ ഇലകളായ നമ്മുടെ തായ്‌കൊമ്പില്‍ ഒന്ന് ഇന്ന് കടയറ്റു. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന പ്രചാരകന്‍. ബിഎംഎസിന്റെ അഖിലേന്ത്യാ നേതാവ്. അതിലപ്പുറം വിശേഷണങ്ങള്‍ അധികം കേട്ടില്ല.
ഞാന്‍ കണ്ട വേണുവേട്ടന്‍ ആകാശത്തോളം ഉയരമുള്ള ആളായിരുന്നു. 2006 ലാണ് ഞാന്‍ വേണുവേട്ടനെ ആദ്യമായി കാണുന്നത്. അതിനു മുന്‍പ് കേട്ടിട്ടുണ്ട്. പൊറ്റക്കുഴിയിലെ മാധവ നിവാസ് എന്ന ആര്‍എസ്എസിന്റെ സ്റ്റേറ്റ് ഹെഡ്‌കോട്ടേഴ്‌സിലേക്കാണ് സംഘ പ്രചാരകന്‍ ആയ പി പരമേശ്വര്‍ജീയുടെ സഹായിയായി ആദ്യമായി ഞാന്‍ യാത്ര ചെയ്തത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മുതിര്‍ന്ന പ്രചാരകന്‍ മാനനീയ മോഹന്‍ജീയുടെ സ്മരണാജ്ഞലിയായി ആ അനുഭവ കുറിപ്പ് ഞാന്‍ പങ്കുവച്ചിരുന്നു.
പ്രാന്ത കാര്യാലയം എന്ന ഔപചാരികതക്കപ്പുറം സ്വജീവിതം സന്യസിച്ച ദണ്ഡും കമണ്ഡലുവും കാഷായവുമില്ലാത്ത സന്യാസിമാരുടെ ആശ്രമം. വൃദ്ധതയിലും തളിരിട്ട് തഴച്ചു വളരുന്ന കാരകില്‍ മരം പോലെ കുറേ കൊച്ചു വലിയ മനുഷ്യരുടെ തപോവനം. അവിടെ ഹരിയേട്ടന്‍ ഉണ്ട് പരമേശ്വര്‍ജീയുണ്ട് എംഎ സാര്‍ ഉണ്ട് മോഹന്‍ജിയുണ്ട്, ഛോട്ടാ രാമചന്ദ്രേട്ടന്‍ ഉണ്ട്. പി ചന്ദ്രശേഖര്‍ജീയും, ഭാസ്‌കര്‍ജീയും, രാമനാഥ്ജീയും ഉണ്ട്. ഈ പറഞ്ഞ പേരുകള്‍ക്കൊന്നും പര്യായ പദങ്ങളില്ല. ആദ്യം പകപ്പും പിന്നെ ആനന്ദവും അലതല്ലിയ ആ ധന്യ നിമിഷങ്ങള്‍ ഒന്നര പതിറ്റാണ്ടിപ്പുറവും കണ്‍മുന്നിലുണ്ട്.
ചെന്നതിന്റെ രണ്ടാം നാള്‍ സന്ധ്യയോടടുക്കുമ്പോള്‍ നെടുംകായനായ ഒരാള്‍ ഒരു ബൈക്കില്‍ ആ കാര്യാലയത്തില്‍ എത്തി. ഊര്‍ജ്ജം പ്രസരിക്കുന്ന രൂപം മായാത്ത പുഞ്ചിരി. അരഭിത്തിയില്‍ ഭാസ്‌കര ജ്യോതി രാജേട്ടനൊപ്പം ഇരിക്കുമ്പോള്‍ മാഞ്ചുവട്ടില്‍ ബൈക്ക് വച്ച് ഇറങ്ങി വന്നു. നേരേ അടുത്തേക്ക് വന്ന് ചിരപരിചിതനേപ്പോലെ ഒറ്റ ചോദ്യം ‘എവിടുന്നാടാ’??. (നേരത്തെ പറഞ്ഞ പ്രചാരകന്‍മാരെ ഒക്കെ മുന്‍പേ പരിചയപ്പെട്ടിരുന്നു. ഔപചാരികവും ശാന്തവുമായ ചോദ്യങ്ങളും ഉത്തരങ്ങളും. നീ, എടാ തുടങ്ങിയ വാക്കുകള്‍ക്ക് പകരം നിങ്ങള്‍ എന്ന ബഹുവചന വിശേഷണ പദങ്ങള്‍ ആണ് സാധാരണ ആര്‍എസ്എസ് നിഘണ്ടുവില്‍. പരമേശ്വര്‍ജീ, എംഎ സാര്‍, പി ചന്ദ്രശേഖര്‍ജീ, രാമനാഥ്ജീ എന്നിവര്‍ പോലും കുറേ പരിചയം ആയ ശേഷം ആണ് എടോ, താന്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയത്). നീ എവിടെ നിന്ന് വരുന്നു, എന്തിന് വന്നു എന്നൊന്നും അല്ല അപ്പോള്‍ തോന്നിയ അനുഭൂതി. മുത്തശ്ശന്‍ പേരകുട്ടിയോട് കാട്ടുന്ന സ്‌നേഹപൂര്‍വമുള്ള അന്വേഷണം ആണ്. അല്പ സമയത്തെ പരിചയപെടല്‍ കഴിഞ്ഞു അകത്തേക്കുപോയി.
സായം ശാഖയുടെ സമയം ആയിട്ടുണ്ട് ഓരോരുത്തരായി ട്രൗസര്‍ ഇട്ട് ഇറങ്ങി. മിക്കവാറും മുതിര്‍ന്നവരെല്ലാം സായം ശാഖയില്‍ ആണ് പങ്കെടുക്കുക. മോഹന്‍ജി ഉലാത്തുന്നു. എം എ സാറും പരമേശ്വര്‍ജീയും സംസാരിക്കുന്നു. പെട്ടന്നു വേണുവേട്ടന്‍ വന്നു. ‘വാടാ'(ഇതൊക്കെ പത്തനംതിട്ടക്കാരന്‍ ആയതുകൊണ്ട് ആ ഭാഷാ ശൈലിയില്‍ വേണുവേട്ടന്‍ എന്നോടു പറയുന്നതാണെന്നു കുറച്ചു കഴിഞ്ഞു മനസിലായി. വേണുവേട്ടന്‍ അങ്ങനെ ആണ്. ഏത് ദേശത്തു ചെന്നാലും അവിടുത്തെ ആളാണ്). ഞാന്‍ പരമേശ്വര്‍ജീയെ നോക്കി. പോയി വരൂ. അനുവാദം വാങ്ങി വേണുവേട്ടന്റെയൊപ്പം ശാഖയിലേക്ക് യാത്രയായി. ആദ്യത്തെ യാത്ര. ആ ശാഖാനുഭവം ജീവിതത്തിലും മറക്കില്ല.
എന്റെ കൈയില്‍ ട്രൗസര്‍ ഉണ്ടായിരുന്നില്ല പരമേശ്വര്‍ജീയുടെ ട്രൗസര്‍ ആയിരുന്നു ഞാന്‍ ഇട്ടിരുന്നത്( ഞങ്ങള്‍ അങ്ങനെ ആയിരുന്നു. പരമേശ്വര്‍ജീക്കൊപ്പം താമസിച്ച കാലങ്ങളില്‍ പലപ്പോഴും പരമേശ്വര്‍ജീയുടെ മുണ്ടും ഷര്‍ട്ടും ഒക്കെയാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. ചുരുക്കം ചില സമയങ്ങളില്‍ തിരിച്ചും ഉണ്ടായിട്ടുണ്ട്. വസ്ത്രം മാത്രമല്ല ഭക്ഷണവും പലപ്പോഴും ഒരു പാത്രത്തില്‍ കഴിച്ചിട്ടുണ്ട്. പിശുക്കില്ലാത്ത വാത്സല്യത്തില്‍ പലപ്പോഴും എനിക്കും സുരേന്ദ്രേട്ടനും സ്വന്തം ഭക്ഷണത്തിന്റെ ഒരല്പം വൃത്തിയായി മാറ്റി വെക്കും ആ പാത്രത്തില്‍ തന്നെ ഞങ്ങള്‍ അത് കഴിച്ചിട്ടുണ്ട്. മറ്റ് സഹോദരങ്ങള്‍ക്ക് ആര്‍ക്കും അങ്ങനെ പങ്ക്‌ചോറ് പകുത്ത് കൊടുത്ത് ഞാന്‍ കണ്ടിട്ടില്ല ). പാകമാകാത്ത ട്രൗസറില്‍ പിടിച്ചു കളിയാക്കലിന്റെ അമിട്ടിന് തീകൊടുത്തത് അന്ന് ജന്മഭൂമിയുടെ എംഡിയായ ഞങ്ങളുടെ പഴയ വിഭാഗ് പ്രചാരകന്‍ പുരുഷേട്ടനാണ്. അത് വേണുവേട്ടന്‍ ഏറ്റെടുത്തു. കാര്യാലയത്തിലെ ആദ്യ ശാഖ രസകരമായ റാഗിംങ്ങിലൂടെയായി. കാര്യാലയത്തിലെ വിദ്യാര്‍ഥികളും ജന്മഭൂമിയിലെ ജീവനക്കാരുമായ ചെറുപ്പക്കാരുടെ നടുവില്‍ നവ യുവാവായി ഓടികളിക്കുന്ന വേണുവേട്ടനേ ആണ് പിന്നീട് കണ്ടത്. അതൊരു തുടക്കമായിരുന്നു
കോഴിക്കോട് നിന്ന് അങ്ങാടിപ്പുറത്തേക്ക് അവിസ്മരണീയമായ ഒരു യാത്ര പോയി പരമേശ്വര്‍ജീക്കൊപ്പം. കൂടെ സഹയാത്രികന്‍ കേരളത്തില്‍ സംഘവളര്‍ച്ചക്ക് വിത്തുപാകിയ പ്രചാരകന്‍ മാനനീയ ശങ്കര്‍ ശാസ്ത്രീജീ. എന്റെ അന്നത്തെ ജില്ലാ പ്രചാരകന്‍ ജി മധുവേട്ടന്റെ വീട്ടില്‍ ഞങ്ങള്‍ താമസിക്കുന്നു. അവിടേക്ക് ശാസ്ത്രീജീ വന്നു. ശാസ്ത്രീജീയെ കണ്ടമാത്രയില്‍ പരമേശ്വര്‍ജീ ആ പാദങ്ങളില്‍ തൊട്ടു നമസ്‌കരിച്ചു (ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ആണ് ഞാന്‍ അങ്ങനെ ഒരു കാഴ്ച കണ്ടത്). അവിടുന്ന് കോഴിക്കോട് തളിയില്‍ കയറി തൊഴുത് അങ്ങാടിപ്പുറത്തെ തളിയിലേക്ക് യാത്ര. മണി മണിയായി മലയാളം സംസാരിക്കുന്ന ഹിന്ദിക്കാരന്‍ ആയിരുന്നൂ ശാസ്ത്രീജീ. യാത്രയില്‍ മറ്റൊരു പ്രചാരകന്‍ കൂടി ഉണ്ടായിരുന്നൂ സംഘത്തിന്റൈ സഹ സര്‍കാര്യവാഹ് മാനനീയ സുരേഷ് ജോഷിജീ (ഭയ്യാജീ). അങ്ങാടിപ്പുറത്തെ ജനേട്ടന്റെ വീട്ടില്‍ എത്തിയപ്പോള്‍ വേണുവേട്ടന്‍ അവിടെ ഉണ്ട്. പരമേശ്വര്‍ജീയെ പോലെ തന്നെ വേണുവേട്ടനും ശാസ്ത്രീജീയുടെ പാദങ്ങളില്‍ നമസ്‌കരിച്ചു. എല്ലാവരും എണ്‍പതു കഴിഞ്ഞ വൃദ്ധന്‍മാരാണ്. എങ്കിലും തങ്ങളുടെ പ്രചാരകനോടുള്ള നിര്‍വ്യാജമായ ആദരവ് അവിടെ കണ്ടു.
അവിടുത്തെ താമസം ആ ദിവസം ജനേട്ടന്റെ വീട്ടിലായിരുന്നു. പിറ്റേന്ന് ഹിന്ദുവിന്റൈ സിരകളെ ചൂടുപിടിപ്പിക്കുന്ന മറ്റൊരിടത്തേക്ക്. സ്വതന്ത്ര ഭാരതത്തിന്റെ ഹൈന്ദവ ചരിത്രത്തിലെ മറക്കാനാകാത്ത കൊലപാതകം നടന്ന (അന്ന് കേരള സംസ്ഥാനം രൂപം കൊണ്ടിട്ടില്ല) ഇടം മലാപ്പറമ്പ് മാട്ടുമ്മല്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രം.
രാമസിംഹനേയും(ഉണ്യാന്‍ സാഹേബ് ) കുടുംബത്തേയും മുസ്ലിം തീവ്രവാദികള്‍ അരിഞ്ഞു തള്ളിയ മണ്ണ്. ഇന്ന് എംഇഎസ് കോളേജ് നില്‍ക്കുന്നത് അവിടെയാണ്. അന്ന് രാമസിംഹന്റൈ ശവം പോലും സംസ്‌കരിക്കാന്‍ ഹിന്ദു സമൂഹം ഭയന്നപ്പോള്‍ മുഷ്ടി ചുരുട്ടി ഇറങ്ങിയ ടി എന്‍ ഭരതനും നിലമ്പൂര്‍ കോവിലകത്തെ പഴയ വേണുഗോപാലനും കഥകളിലൂടെ അവിടെ പുനര്‍ജനിച്ചൂ. രാമസിംഹന്റെ ഉപാസനാ മൂര്‍ത്തിയായ നരസിംഹ സ്വാമി ക്ഷേത്രം കല്ലോട് കല്ല് അവശേഷിപ്പിക്കാതെ തകര്‍ത്തു കിണറ്റിലിട്ടു മൂടിയ ഇസ്ലാമിക ഭീകരതയുടെ ധാര്‍ഷ്ട്യത്തെ കാലങ്ങള്‍ക്കിപ്പുറത്ത് തലകുനിപ്പിച്ച് മലാപറമ്പ് മാട്ടുമ്മല്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രം ഇന്നത്തെ ഹിന്ദുവിന്റെ അഭിമാന സ്തംഭം ആക്കിയതിന് പിന്നില്‍ വേണുവേട്ടന്റെ അവിശ്രമമായ പ്രവര്‍ത്തനം ഉണ്ട്.
പിന്നീട് വേണുവേട്ടന്‍ ചിരപരിചിതനായി മാറി. പലപ്പോഴും തിരുവനന്തപുരത്ത് വരും. വരുമ്പോള്‍ ഒക്കെ അപ്രഖ്യാപിത പ്രബന്ധകനായി ഞാന്‍ കൂടെ കൂടും. പലപ്പോഴും ഊരൂട്ടമ്പലം, ശാസ്തമംഗലം, ഫോര്‍ട്ടിലെ കാര്യാലയം ഒക്കെ ഒരുമിച്ചു പോകും. ബിഎംഎസ് വര്‍ക്കിംഗ് പ്രസിഡന്റായ എം കെ കമലേട്ടനെ (അവിരാമമായ് കത്തും തിരിനാളമേ തുടങ്ങിയ ഗീതങ്ങള്‍ അദ്ദേഹത്തിന്റെയാണ്) കാണാന്‍ ഞങ്ങള്‍ ആശുപത്രിയില്‍ പോകുമായിരുന്നു. കമലേട്ടന്റൈ മരണശേഷം വടശേരിക്കരയുള്ള ആ കുടുംബത്തിന്റെ കാര്യങ്ങള്‍ വിഷമത്തോടെ പറയുമായിരുന്നു.
ഒരിക്കല്‍ ഒരു യാത്രയില്‍ രസകരമായ ഒരു സംഭവം നടന്നു. .തിരുവനന്തപുരത്ത് ഉള്ളവര്‍ക്ക് അല്പം ധാര്‍ഷ്ട്യം കൂടുതലാണെന്നൊരു വെയ്പുണ്ട്. ഒരു കെഎസ്ആര്‍ടിസി ബസില്‍ ഞങ്ങള്‍ ഒരുമിച്ചു കയറി. സീറ്റില്ല നിന്നാണ് യാത്ര. ആ വണ്ടിയില്‍ ഒരമ്മയും കുഞ്ഞും കയറി. ആരും എഴുന്നേറ്റില്ല. വേണുവേട്ടന്‍ ഒച്ച ഉയര്‍ത്തി ബഹളം വച്ചു. ആരോ എഴുന്നേറ്റു അവരിരുന്നു. എന്നിട്ടും വിട്ടില്ല വേണുവേട്ടന്‍. സീനിയര്‍ സിറ്റിസണ്‍ റിസര്‍വേഷന്‍ സീറ്റിലിരുന്ന ഒരു ചെറുപ്പക്കാരനെ പൊക്കി എഴുന്നേല്‍പ്പിച്ച് ആ സീറ്റില്‍ ഇരുന്നു. പത്തു പതിനഞ്ച് കിലോമീറ്റര്‍ ആ ബസില്‍ നിന്നു യാത്ര ചെയ്തയാളാണ്. രണ്ടോ മൂന്നോ സ്റ്റോപ്പിനുള്ളില്‍ ഇറങ്ങുകയും ചെയ്യും. എന്നിട്ടും അവനെ നിര്‍ബന്ധിച്ചു എഴുന്നേല്‍പ്പിച്ചു. വേണുവേട്ടന്‍ അങ്ങനെയാണ് തന്നോടു നീതികേട് കാട്ടിയാലും കുഴപ്പമില്ല പക്ഷെ മറ്റുള്ളവരോട് കാട്ടിയാല്‍ പ്രതികരിക്കും.
ഒരിക്കല്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇങ്ങനെ ഒരു രംഗം കണ്ടു. ഞാന്‍ എവിടെയോ പോയിട്ടു വന്നതാണ് ടിക്കറ്റ് കൗണ്ടറില്‍ പരിചയമുള്ള ഒരു ശബ്ദം. ക്ഷോഭമാണ്. ആരോ ക്യൂ തെറ്റിച്ചു. വേണുവേട്ടന്‍ ചോദ്യം ചെയ്തു. അയാള്‍ വേണുവേട്ടനോടു കയര്‍ത്തു. ആകെ ബഹളം ഒരു കൂട്ടം ചെറുപ്പക്കാരും വേണു അപ്പുപ്പനൊപ്പം കൂടി. വേണുവേട്ടന്‍ അലറി. ‘അങ്ങോട്ടു മാറി നില്ക്കൂ ശ്രീമാന്‍’. ഒരാജ്ഞയായിരുന്നു. ഞാനോടിച്ചെന്നു വേണുവേട്ടനെ വിളിച്ചു. ക്ഷോഭം കൊണ്ട് വിറച്ചയാള്‍ കണ്ണിറുക്കി എന്നെ ചിരിച്ചു കാട്ടി. ട്രെയിന്‍ വരും വരെ ഞാന്‍ കൂടെ നിന്നു. ട്രെയിന്‍ വന്നപ്പോള്‍ വേണുവേട്ടന്‍ പിന്നിലേക്കു ഓടി. ലോക്കല്‍ കംമ്പാര്‍ട്ട്‌മെന്റിലേക്കാണ്. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ തലമുതിര്‍ന്ന പ്രചാരകന്‍ ഇത്ര കുറഞ്ഞ യാത്രാ ചിലവില്‍ ആണ് സഞ്ചരിച്ചിരുന്നത്. (പരമേശ്വര്‍ജീക്കൊപ്പം സെക്കന്‍ഡ് എസിയിലും മികച്ച യാത്ര സൗകര്യവും താമസവും ഭക്ഷണവും ഒക്കെ ആസ്വദിച്ചിരുന്ന ഞാന്‍ നാണം കൊണ്ട് ചൂളീ).
ഒരിക്കല്‍ പരമേശ്വര്‍ജീക്കായി വിലകൂടിയ രണ്ട് ശ്രവണ സഹായി വാങ്ങി. ഒരൊറ്റ ദിവസം പോലും അത് ഉപയോഗിച്ചോന്ന് സംശയം ആണ്. ഒരിക്കല്‍ നിര്‍ബന്ധിച്ചപ്പോള്‍ അത് ദേഷ്യത്തോടെ എന്റെ ചെവിയില്‍ തിരുകി വച്ചു. അതോടെ ആ യന്ത്രത്തേപ്പറ്റിയുള്ള സംസാരവും കഴിഞ്ഞു. ഏതാണ്ട് ആ കാലത്ത് വേണുവേട്ടനും കേള്‍വി കുറവിന് ഇയര്‍ എയ്ഡ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചൂ..രണ്ടെണ്ണത്തിനാണ് കുറിച്ചത്. ഏറ്റവും വിലകുറഞ്ഞ ഒരെണ്ണം മാത്രം വാങ്ങി. അതൊരിക്കല്‍ നഷ്ടപ്പെട്ടിട്ട് ആരോടും പറയാതെ ദിവസങ്ങളോളം അന്വേഷണം നടത്തി. ഒടുവില്‍ നനകല്ലിന്റെ അടിയില്‍ നിന്നും കണ്ടുകിട്ടിയ ശേഷമാണ് മറ്റുള്ളവരറിഞ്ഞത്. നിലമ്പൂര്‍ കോവിലകത്തെ വേണുഗോപാലന് രാജകീയമായ് തന്നെ ജീവിക്കാം പക്ഷെ വേണുവേട്ടന്‍ എന്ന സംഘ പ്രചാരകന് അത് പറ്റില്ല. ഓരോ ചില്ലി നാണയം പോലും സ്വയം സേവകരുടെ ഗുരുദക്ഷിണയാണ്. അത് ദുര്‍വ്യയം ചെയ്യാനാകില്ലല്ലോ.
സ്വകാര്യതകളില്‍ കഥകള്‍ ഒഴുകും. കോവിലകത്തെ ജീവിതം .ഇരട്ട കുഴല്‍ തോക്കില്‍ ചെറുപ്പത്തിലേ ഷൂട്ട് ചെയ്തത്. പുലിയെ പിടിച്ച് രസായനം വച്ചത്. ഗാന്ധി വധത്തെ തുടര്‍ന്നുള്ള നിരോധനം. മാന്യ ഡേംഗ്ട്ജീ, പരംപൂജനീയ ഗുരുജീ. ഇന്റര്‍ നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സ്, ചൈന യാത്ര, ക്ഷയരോഗം, പരമേശ്വര്‍ജീ കൈയെഴുത്തായ് എഴുതിയ മാസിക വേണുവേട്ടന്‍ അച്ചടിപ്പിച്ചത് കേസരി ആയത്, അടിയന്തരാവസ്ഥ അങ്ങനെ അങ്ങനെ. സംഘത്തിന്റെ ആദ്യ കാര്യാലയം കോട്ടയത്തെവിടോ ഒരു കുടുസുമുറിയായിരുന്നു. കിടന്നാല്‍ വേണുവേട്ടന്റൈ അരക്ക് മുകള്‍ ഭാഗം കാര്യാലയത്തിനകത്തും ബാക്കി പുറത്തും. ഒരിക്കല്‍ അവിടെ കിടന്നുറങ്ങുമ്പോള്‍ പോലീസ് വന്നതും ഒക്കെ പറയുമ്പോള്‍ പഴയ യൗവനം അങ്ങനെ ത്രസിച്ചു നില്‍ക്കും.
പി കെ ചന്ദ്രശേഖര്‍ജീയുടെ മൃതദേഹം കോളായി താഴത്തെ തറവാട്ടില്‍ സംസ്‌കരിച്ചു. അപ്പോള്‍ ചുമ്മാ ഒരു കുസൃതിചോദ്യം ഞാന്‍ ചോദിച്ചു. വേണുവേട്ടന്‍ മരിച്ചാല്‍ എവിടെ സംസ്‌കരിക്കും. അയ്യടാ നീ കൊള്ളാല്ലോ. എന്നെ സംസ്‌കരിക്കാന്‍ തിടുക്കമായോ എന്ന് പൊട്ടി ചിരിച്ച് ഉത്തരം. അല്പം കഴിഞ്ഞു തന്റൈ മോഹം പറഞ്ഞു. എന്റെ മൃതദേഹം സംസ്‌കരിക്കണ്ട. മെഡിക്കല്‍ കോളേജ് സ്റ്റുഡന്‍സിന് കൊടുക്കണം. അല്‍പം നിര്‍ത്തി പറഞ്ഞു. അത് നടക്കുമോന്നറിയില്ല. അത് നമ്മളല്ലല്ലോ തീരുമാനിക്കേണ്ടത്. മരണത്തില്‍ പോലും നിഴലിച്ചത് അനുസരണം ഉള്ള സ്വയം സേവകന്റെ ഇച്ഛയാണ്. ജീവതവും മരണവും സംഘത്തിന്റെ തീരുമാനത്തിനാണ് താന്‍ വിട്ടു കൊടുത്തത്. ഒരു കുഞ്ഞിനെപ്പോലെ ചിരിക്കാന്‍, യൗവന തീഷ്ണതയോടെ നടക്കാന്‍, വൃദ്ധനായ് ഉപദേശിക്കാന്‍ നമുക്കൊരു വേണുവേട്ടന്‍ ഉണ്ടായിരുന്നൂ എന്ന് ഇനി പറയാം.
ഓര്‍മ്മകള്‍ കടല്‍ തിരമാലപോലെ ആര്‍ത്തലച്ചു വരുന്നു. അന്ത്യകാലത്ത് ചുരുക്കം സന്ദര്‍ഭങ്ങളില്‍ കണ്ടു. ഒരു കൊച്ചു കുഞ്ഞിനെപ്പോലെ വേണുവേട്ടനെ കുളിപ്പിക്കുന്ന പ്രചാരകന്‍മാരെ കണ്ടു അമ്മയെ പോലെ കഥ പറഞ്ഞ് വേണുവേട്ടനെ മാമൂട്ടുന്ന ശെല്‍വേട്ടനെ കണ്ടു. ശ്രദ്ധയോടെ പരിചരിക്കുന്ന പ്രദീപ്ജീയെ കണ്ടു. പക്ഷെ ഞാനറിയുന്ന വേണുവേട്ടനെ മാത്രം കണ്ടില്ല.
ഈ ഭൂമിയില്‍ നമുക്കു സംഘ സന്ദേശം കാട്ടിതരാന്‍ തൊണ്ണൂറ്റി ആറ് സംവത്സരം ജീവിച്ച് അതില്‍ മുക്കാല്‍ നൂറ്റാണ്ട് പ്രചാരക ദൗത്യം പേറിയ ഒരു വടവൃക്ഷം ശാന്തമായി കടപുഴകി. പേരും പെരുമയും തേടാതെ ലോക ജീവതത്തിന്റെ മായയില്‍ മയങ്ങാതെ ജീവിതം സംഘം ആക്കിയ ഒരു ധന്യാത്മാവ്. സംഘ സിന്ധുവില്‍ ലയിച്ചു. ഇന്ന് പൊതുശ്മശാനത്തില്‍ എരിഞ്ഞടങ്ങിയ കനലുകള്‍ തലമുറകള്‍ക്ക് അവിരാമമായ പ്രകാശ ധാര ചൊരിയും.. ഓര്‍മ്മകള്‍ക്കൊരു തുള്ളി ബാഷ്പാജ്ഞലി.















