കുവൈറ്റ് സിറ്റി : ജന്മനാട്ടിലേക്ക് മടങ്ങുന്ന കേരളക്കാര്‍ക്ക് മാത്രം യാത്രക്ക് മുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം അത്യന്തം ദ്രോഹപരവും അപ്രായോഗിക വുമാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാറുകളുടെ ഒളിച്ചുകളി അവസാനിപ്പിക്കണം. വന്ദേഭാരത് ദൗത്യം അപേക്ഷകരുടെ ആനുപാതികമായി മതിയാകാതെ വന്നപ്പോഴാണ് സന്നദ്ധ സംഘടനകളും കമ്പനികളും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് മുതിര്‍ന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളും വിഷയത്തില്‍ കടുത്ത നിലപാടെടുത്തിരിക്കുകയാണ്. ഇത് തത്വത്തില്‍ ദുരിതത്തിലായ പ്രവാസികളെ പിന്നെയും ദ്രോഹിക്കലാണെന്നും പ്രവാസികള്‍ക്കെതിരെ പ്രായോഗികത മറന്നുള്ള ഏകപക്ഷീയ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ആര് എസ് സി അഭിപ്രായപ്പെട്ടു. തീരുമാനം ഉടന്‍ പുനഃപരിശോധിച്ച് നടപടിക്രമങ്ങള്‍ എളുപ്പമാക്കണമെന്നും ആര് എസ് സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.