മലയാള സിനിമക്ക് ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കുന്നതിനായി തൂലിക ചലിപ്പിച്ച സച്ചി ഇനി ഇല്ല. എഴുത്തുകൊണ്ടും സംവിധാന മികവുകൊണ്ടും മലയാള സിനിമയെ വിസ്മയിപ്പിച്ചാണ് സച്ചി മടങ്ങുന്നത്. ഇദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം തന്നെയാണ്.
കെ ആർ സച്ചിദാനന്ദൻ – 1972 ൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ജനനം. മാല്യങ്കരയിലെ എസ്എൻഎം കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബിയും പൂർത്തിയാക്കി. ക്രിമിനൽ നിയമത്തിലും ഭരണഘടനാ നിയമത്തിലും അഭിഭാഷകനായി 8 വർഷം കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു.
2007 ൽ ആണ് അഡ്വ. സച്ചിദാനന്ദൻ തന്റെ വക്കീൽ കുപ്പായം അഴിച്ചുവെച്ച് തിരക്കഥാകൃത്ത് സച്ചിയായി സിനിമയിലേക്കിറങ്ങുന്നത്. സേതുമാധവനൊപ്പം ചേർന്ന് ചോക്ലേറ്റ് എന്ന സിനിമയ്‌ക്ക് തിരക്കഥയൊരുക്കി. പിന്നീടിങ്ങോട്ട് സച്ചി-സേതു കൂട്ടുകെട്ടിലൂടെ നിരവധി ഹിറ്റുകൾ പിറന്നു.
ചോക്ലേറ്റിന് പിന്നാലെ എത്തിയ പൃഥ്വിരാജ് ചിത്രം റോബിൻ ഹുഡ്, ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചതോടെ സച്ചി-സേതു കൂട്ടുകെട്ട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. മേക്കപ്പ് മാനും സീനിയേഴ്സും വാണിജ്യമായി വിജയം നേടിയപ്പോൾ ഈ കൂട്ടുകെട്ടിന്റെ ആദ്യത്തെ മമ്മൂട്ടി ചിത്രമായ ഡബിൾസ് അത്ര നല്ല അനുഭവമായിരുന്നില്ല. തുടർന്ന് ആ കൂട്ടുകെട്ട് വഴിപിരിഞ്ഞു. ജോഷിയുടെ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായി മാറിയപ്പോൾ മോഹൻലാലിന്റെ ആ വർഷത്തെ മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായി അത് മാറി. ആ വർഷം തന്നെ ബിജു മേനോൻ പ്രധാന വേഷത്തിലെത്തിയ ഷെർലോക്ക് ടോംസിനും സച്ചി തിരക്കഥയെഴുതി.
2015ലാണ് സച്ചി സ്വതന്ത്ര സംവിധായകനായി മാറുന്നത്. ലക്ഷദ്വീപിന്റെ ഭംഗിയിലൂടെ കഥ പറഞ്ഞ അനാർക്കലി മലയാളികൾക്ക് വ്യത്യസ്ത അനുഭവമായിമാറി. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. അരുൺ ഗോപിയുടെ ദിലീപ് ചിത്രമായ രാമലീലയുടെ തിരക്കഥയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ദിലീപ് കേസിലകപ്പെട്ട് ജയിലിലായത് ചിത്രത്തിന്റെ റിലീസിനെ തന്നെ ബാധിച്ചു. പ്രതിസന്ധികൾക്കിടയിലും ചിത്രം വൻ വിജയമായി മാറി.
2019 ൽ പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ അണിയിച്ചൊരുക്കിയ ഡ്രൈവിംഗ് ലൈസൻസിന്റെ തിരക്കഥയും സച്ചിയുടേതായിരുന്നു. ഒരു സിനിമാ താരവും ആരാധകനും തമ്മിലുള്ള ഈഗോ ക്ലാഷിന്റെ കഥ 2019ലെ ഏറ്റവും വലിയ വിജയമായി. 2020 ന്റെ തുടക്കത്തിലും ചിത്രം നിറഞ്ഞ സദസുകളിൽ കൈയടി വാങ്ങി പ്രദർശനം തുടർന്നു.
പിന്നീട് കണ്ടത് സച്ചിയെന്ന സംവിധായകന്റെ മറ്റൊരു മാജിക്കായിരുന്നു. മൂന്ന് മണിക്കൂർ നേരം ആരാധകരെ തിയേറ്ററിൽ പിടിച്ചിരുത്തുന്ന മാജിക്. അട്ടപ്പാടിയെന്ന നാടിന്റെ സൗന്ദര്യം ഒപ്പിയെടുക്കുന്നതായിരുന്നു ചിത്രം. അയ്യപ്പനായി ബിജു മേനോനും കോശിയായി പൃഥ്വിരാജും സ്ക്രീനിൽ നിറഞ്ഞു നിന്നപ്പോൾ സച്ചി കൈയടി നേടി. വളരെ വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ ചിത്രം 2020 ലെ ഹിറ്റ് ചിത്രം തന്നെയെന്ന് നിസംശയം പറയാനാകും.
ഒട്ടേറെ ചിത്രങ്ങൾ ചെയ്യുന്നതിലല്ല ചെയ്ത ചിത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതാകണമെന്ന് നമ്മെ പഠിപ്പിച്ച സച്ചി വിടപറഞ്ഞിരിക്കുന്നു. നികത്താനാവില്ല ഈ വിടവ്…















