ലണ്ടന്‍: ലോകക്രിക്കറ്റില്‍ ഈ താരം ഓപ്പണറല്ലെങ്കില്‍ ഞാന്‍ വേറെ കളികാണുമെന്ന് നാസര്‍ഹുസൈന്‍. ഇന്നത്തെ താരങ്ങളില്‍ തനിക്ക് ഏറെ പ്രീയങ്കരനായ രോഹിത് ശര്‍മ്മയെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഓപ്പണറും നായകനുമായ നാസര്‍ ഹുസൈന്‍. ഓസ്‌ട്രേലിയക്കെതിരെ എങ്ങനെ കളിക്കണമെന്ന ഉപദേശവും രോഹിതിന് നല്‍കിക്കൊണ്ടാണ് നാസറിന്റെ വാക്കുകള്‍. അന്താരാഷ്‌ട്ര മാദ്ധ്യമത്തിനായി ഓണ്‍ലൈന്‍ വഴിയുള്ള അഭിമുഖത്തിലാണ് നാസര്‍ ഹുസൈന്‍ രോഹിതിന്റെ കഴിവുകളെ എടുത്തു പറഞ്ഞത്.
ടെസ്റ്റ് മത്സരങ്ങളില്‍ പ്രത്യേകിച്ച് ഓസീസിനെതിരെ ആദ്യത്തെ അരമണിക്കൂര്‍ മാത്രം രോഹിത് ശ്രദ്ധിച്ചാല്‍ മതി. അതു കഴിഞ്ഞാല്‍ ധൈര്യമായി ബൗളര്‍മാരോട് പറയാം ഇനി എന്റെ സമയമാണെന്ന്. റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള രോഹിതിന്റെ അപാര കഴിവുകള്‍ ഇന്ന് ആര്‍ക്കുമില്ലെന്നാണ് നാസര്‍ ഹുസൈന്‍ വിലയിരുത്തുന്നത്. രോഹിതിന് ഒരു പന്ത് കളിക്കാന്‍ ധാരാളം സമയം കിട്ടുന്നതായാണ് പല യുവതാരങ്ങളും തന്നോട് പറഞ്ഞിട്ടുള്ളത്. അത് ആ താരത്തിന്റെ മികവാണ്, ടൈംമിംഗാണ്. ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ ആന്റേഴ്‌സണെതിരെ വിരാട് കോഹ്‌ലി തന്റെ ഓഫ് സ്റ്റമ്പ് മുഴുവന്‍ കവര്‍ ചെയ്ത് കളിച്ചതും നാസര്‍ രോഹിതിനുള്ള ഉപദേശമായി പറഞ്ഞു. എത്ര റണ്‍സ് കുറച്ച് എടുത്താലും ഓപ്പണര്‍ സ്ഥാനത്തുനിന്നും രോഹിതിനെ മാറ്റരുതെന്നും നാസര്‍ പറഞ്ഞു.















