ന്യൂഡല്‍ഹി: യോഗ ലോകത്തെ ഒന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗാ ദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബത്തോടൊപ്പം യോഗ ചെയ്യണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കൊറോണ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ യോഗയ്ക്കും പങ്കുണ്ട്. കൊറോണ കാലത്ത് യോഗ ശീലമാക്കണം. യോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ശ്വസന വ്യവസ്ഥയെ ശക്തമാക്കാനും യോഗ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗ സമാധാനവും സഹന ശക്തിയും നല്‍കുകയും വെല്ലുവിളികളെ നേരിടുന്നതിന് മനസിനെ പ്രാപ്തമാക്കുകയും ചെയ്യും. ക്രിയാത്മകത വര്‍ധിപ്പിക്കാനും യോഗ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു കൂടിച്ചേരലുകള്‍ ഒഴിവാക്കിയാണ് രാജ്യം ഇത്തവണ യോഗാ ദിനം ആചരിക്കുന്നത്. കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ യോഗാ പ്രമേയം.