ലണ്ടന്‍: ഇംഗ്ലീഷ് ലീഗിലെ ടീമുകള്‍ മാറ്റുരയ്ക്കുന്ന എഫ്. എ കപ്പിന്റെ സെമിഫൈനല്‍ പട്ടിക പൂര്‍ത്തിയായി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളോടെയാണ് പട്ടിക പൂര്‍ത്തിയായത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, ആഴ്സണല്‍ എന്നീ ടീമുകളാണ് ഇന്നലെ ക്വാര്‍ട്ടര്‍ കടന്നത്.
ആദ്യമത്സരത്തില്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ന്യൂകാസിലിനെ തോല്‍പ്പിച്ചപ്പോള്‍ ആഴ്സണല്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഷെഫീല്‍ഡിനെ മറികടന്നു. ഏക ഗോളിനാണ് ചെല്‍സി ലെസ്റ്ററിനെ മറികടന്നത്. ഇവര്‍ക്കൊപ്പം ശനിയാഴ്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെമി സ്ഥാനം നേരത്തേ ഉറപ്പിച്ചിരുന്നു. നോര്‍വിച്ചിനെയാണ് യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്.
സെമിഫൈനല്‍ ജൂലൈ മാസം 18നാണ് നടക്കുക. ആദ്യ സെമിഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്്റ്റര്‍ യൂണൈറ്റഡ് ചെല്‍സിക്കെതിരെ പോരാടും. ആഴ്സണലാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഇറങ്ങുന്നത്. മത്സര തീയതിയിലും സമയത്തിലും മാറ്റം വരാന്‍ സാധ്യതയുണ്ടെന്നും എഫ്.എ കപ്പ് അധികൃതര്‍ അറിയിച്ചു.