പല്ലു കൊണ്ട് എത്ര അനായസത്തോടെയാണ് നമ്മൾ ഓരോന്നും ചവച്ചു അരക്കുന്നത്. നമ്മുടെ ശരീരത്തിലെ ഏറ്റവും കട്ടിയുള്ളതും ഒപ്പം അഴുക്ക് അടിയുന്നവയുമാണ് പല്ലുകൾ. അത് കൊണ്ട് തന്നെ നാം പല്ലുകളെ രണ്ടു നേരം കഴുകി വൃത്തിയായി സൂക്ഷിക്കാറുണ്ട്.
എന്നാൽ മുല്ല മൊട്ടു പോലുള്ള നമ്മുടെ പല്ലുകൾ നേരിടുന്ന പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. പല്ലു പുഴു എടുക്കുക, മഞ്ഞളിപ്പ്, വേദന തുടങ്ങി നിരവധി പ്രശ്നങ്ങൾ അവ നേരിടുന്നു. വീട്ടിലെ വസ്തുക്കൾ കൊണ്ട് തന്നെ ചില പല്ലു വേദനയിൽ നിന്നും ആശ്വാസം നേടാൻ കഴിയും.
അതേസമയം പല്ലു വേദനയുണ്ടാകുമ്പോൾ ചെയ്തു കൂടാത്ത പല കാര്യങ്ങളും നാം ചെയ്യുന്നുണ്ടെന്നാണ് യാഥാർത്ഥ്യം. ഇതിനെപ്പറ്റിയുള്ള ഗ്രാഹ്യം ഇല്ലാത്തത് തന്നെയാണ് പ്രധാന കാരണം. സംഭവം എന്താ എന്നല്ലേ..?
പല്ലു വേദനയിൽ നിന്നും ഉടനടി ആശ്വാസം നേടാനും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമ്മുക്കൊന്ന് കണ്ണോടിക്കാം.
- പല്ലു വേദനയുള്ള സമയങ്ങളിൽ ഓരോ തവണയും ഭക്ഷണം കഴിച്ച ശേഷം ഉപ്പിട്ട ചൂട് വെള്ളം കൊണ്ട് വായ കഴുകുക.
- വേദനയുള്ള പല്ലിൽ അൽപ്പം ഗ്രാമ്പൂ എണ്ണ പഞ്ഞിയിൽ മുക്കി വയ്ക്കുക.
- ഒരു കഷ്ണം ഐസ് കട്ട വേദനയുള്ള പല്ലിനും കവിളിനും ഇടയിൽ വയ്യ്ക്കാവുന്നതാണ്.
- രാത്രി ഭക്ഷണത്തിനു ശേഷം പല്ലുകൾ ബ്രഷ് ചെയ്തിട്ടു ഉപ്പിട്ട വെള്ളം കൊണ്ട് വായ കഴുകുക.
- ജാതിക്ക തൈലത്തിൽ പഞ്ഞി മുക്കി വേദനയുള്ള പല്ലിൽ വയ്ക്കുക.
- ഇളം ചൂട് വെള്ളം കവിൾ കൊണ്ട് നന്നായി കുലുക്കുഴിയുക കേടു വന്ന പല്ലിനിടയിൽ ഭക്ഷണം പറ്റി പിടിച്ചിരിന്നിട്ടുള്ള വേദനയാണെങ്കിൽ കുറയും.
- പല്ലു വേദനയുള്ള സമയങ്ങളിൽ കവിളിൽ ചൂട് വയ്ക്കരുത്. അണുബാധയുണ്ടെങ്കിൽ അത് കൂടാൻ കാരണമാകും.
- പല്ലിനു ക്ഷതം വന്നിട്ടുള്ള വേദനയാണെങ്കിൽ വേദന കുറയും വരെ ഒന്നും ചവയ്ക്കരുത്.