നിങ്ങൾ ദിവസവും എത്ര മണിക്കൂർ ഉറങ്ങുവാനായി ചിലവഴിക്കും…? കേൾക്കുമ്പോൾ നിസ്സാരമായി തോന്നുന്ന ചില കാര്യങ്ങൾ നമ്മുടെ തുലനാവസ്ഥയെ തന്നെ ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ശരീരത്തിന്റെ ഉന്മേഷകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണു നല്ല വിശ്രമം. വിശ്രമത്തില്‍ പ്രധാനപ്പെട്ടതാണ് ഉറക്കം. നന്നായി ഉറങ്ങിയശേഷം ലഭിക്കുന്ന സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്.
എന്നാൽ ഉറക്കം വെറും സമയം കളയല്‍ മാത്രമല്ല; അതിനു പിന്നിൽ ചില ഗുണങ്ങളുമുണ്ട്.
ദീര്‍ഘായുസ്സ്: രാത്രി ആറു മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ദിവസം എട്ടു മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശിക്കാനുള്ളത്.
വേദന: ശരീര വേദനകള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും മരുന്നായി നിര്‍ദേശിക്കാന്‍ സാധിക്കുക ഉറക്കമാണ്. ഉറക്കം ഈ വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും.
തിളങ്ങുന്ന ചര്‍മ്മം: നിങ്ങള്‍ ഉറങ്ങുന്ന സമയം ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറത്തുവിടും. ഇതു കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിനു വര്‍ധിപ്പിക്കുകയും അതുവഴി തിളങ്ങുന്ന ചര്‍മ്മം പ്രദാനം ചെയ്യുകയും ചെയ്യും.
ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ അത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുത്തുമെന്ന് പഠനങ്ങൾ വ്യകതമാക്കുന്നു. സ്വീഡനിലെ ഉപ്പശാല സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
അതേസമയം ഉറക്കമില്ലായ്മ നമ്മുടെ ശരീര പരിണാമത്തെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും പൊണ്ണത്തടിക്കും ടൈപ്പ് 2 ഡയബറ്റീസിനും കാരണമാകുമെന്നും മുന്‍ ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുള്ളതാണ്. ക്ലോക്ക് ജീനുകളിലുണ്ടാകുന്ന വിഭജനം ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്.
നല്ല ഉറക്കത്തിനായി കൃത്യമായി മണിക്കൂറുകളുടെ കണക്കുകളില്ല. പ്രായപൂര്‍ത്തിയായ ഭൂരിഭാഗം ആളുകള്‍ക്ക് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമായി വരുന്നു. മറ്റുള്ളവരില്‍ ആറു മണിക്കൂര്‍ തന്നെ മതിയാവും. അതേസമയം കൂടുതല്‍ സമയം ഉറക്കത്തിനായി കിടക്കയില്‍ ചിലവഴിക്കുന്നത് തളര്‍ച്ച, വിഷാദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാവാം. അതുകൊണ്ട് നിങ്ങളുടെ ഉറക്കത്തിന്റെ സമയക്കണക്കുകള്‍ കണ്ടെത്തുന്നത് തന്നെയാണ് ആരോഗ്യകരമായ ഉറക്കത്തിനുള്ള ആദ്യ പടി.
ഉറക്കക്കുറവ് അനുഭവിക്കുന്ന ആളുകളില്‍ (അഞ്ച് മണിക്കൂറോ അതില്‍ താഴെയോ മാത്രം ഉറക്കമുള്ളവര്‍) രക്തസമ്മര്‍ദ്ദത്തിനും ഹൃദയ സംബന്ധിയായ രോഗങ്ങള്‍ക്കുമുള്ള സാധ്യത ഏറെയാണെന്ന് ബ്രിട്ടനില്‍ നടന്ന ഒരു പഠനത്തില്‍ പറയുന്നു. അതുപോലെ ഉറക്കക്കുറവ് നിങ്ങളെ പൊണ്ണത്തടി, ഡയബറ്റീസ്, വിഷാദരോഗം, മദ്യാസക്തി, വാഹനാപകടങ്ങള്‍ എന്നിവയിലേക്ക് നയിച്ചേക്കാം. അതുപോലെതന്നെ ശ്രദ്ധ, നമ്മുടെ മാനസികാവസ്ഥ തുടങ്ങിയ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ഉറക്കക്കുറവ് ബാധിച്ചേക്കാം.
നിങ്ങളുടെ ഓരോ ദിവസത്തെയും ശാരീരികാവസ്ഥകളാണ് നിങ്ങളിലെ ഉറക്ക പ്രശ്നങ്ങളെ പ്രകടമാക്കുന്നത്. നിങ്ങള്‍ സമയത്തിന് എഴുന്നേല്ക്കുകയും ഉന്മേഷം തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങളുടേത് ആരോഗ്യകരമായ ഉറക്കമാണ്. എന്നാല്‍ ഉറക്കച്ചടവോടെയും അസ്വസ്ഥതയോടെയുമാണ് നിങ്ങള്‍ എഴുന്നേല്‍ക്കുന്നതെങ്കില്‍ നിങ്ങളില്‍ ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്.