ഉജ്ജയിന്‍: മധ്യപ്രദേശിലെ വിശ്വപ്രസിദ്ധമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ഇന്ത്യയുടെ സുരക്ഷക്കായി പ്രത്യേക പൂജകള്‍ നടത്തുന്നു. ശ്രാവണ മാസത്തെ രണ്ടാമത്തെ തിങ്കളാഴ്ചയുടെ പ്രത്യേകത പ്രമാണിച്ചാണ് ഇന്ന് രാവിലെ മുതല്‍ പൂജകളാരംഭിച്ചതെന്ന് ക്ഷേത്ര ഭാരവാഹി കള്‍ അറിയിച്ചു. ധര്മരക്ഷകനാണ് മഹാകാലേശ്വര്‍; അതിനാല്‍ ഇത്തവണത്തെ ആദ്യത്തെ പൂജ ഇന്ത്യയുടെ രക്ഷയ്ക്കായി നടത്തുകയാണ്. കൊറോണ മഹാമാരിയില്‍ നിന്നും രാജ്യം രക്ഷപെടാനും പൂജകള്‍ നടത്തുകയാണെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രമാണ് ഉജ്ജയിനിയിലെ മഹാകാലേശ്വര്‍. രാജാ വിക്രമാദിത്യന്റെ കാലത്തെ തലസ്ഥാന നഗരം എന്ന നിലയിലാണ് ഉജ്ജയിനി പ്രസിദ്ധമായത്.
ഉത്തര്‍പ്രദേശില്‍ നിന്നും പോലീസുകാരെ വധിച്ച ശേഷം രക്ഷപെട്ട കൊടുംകുറ്റവാളി വികാസ് ദുബെ പിടിക്കപ്പെട്ടത് മഹാകാലേശ്വര്‍ ക്ഷേത്രത്തിനകത്ത് വെച്ചായിരുന്നു. ഇതോടെ ക്ഷേത്രത്തിനെക്കുറിച്ചുള്ള നിരവധി വാര്‍ത്തകളും രാജ്യമെമ്പാടും പ്രചരിച്ചിരുന്നു. ശ്രാവണ മാസത്തിലെ തിങ്കളാഴ്ചകളിലെല്ലാം തന്നെ വലിയ ജനത്തിരക്കുള്ള ക്ഷേത്രമാണ് മഹാകാലേശ്വര്‍. കൊറോണ നിയന്ത്രണമുള്ളതിനാല്‍ വളരെ കുറവ് ഭക്തജനങ്ങളാണ് നേരിട്ട് ക്ഷേത്രത്തിലെത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.