ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝായെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയ സച്ചിന് പൈലറ്റിന് പരസ്യമായി പിന്തുണ അറിയിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ്
ചെയ്തത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
രാജസ്ഥാനില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു മാര്‍ഗ്ഗം മാത്രമേയുള്ളൂ. അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു സഞ്ജയ് ഝായുടെ പ്രതികരണം. പ്രതികരണം നടത്തി ഏതാനു മണിക്കൂറുകള്‍ക്ക് ശേഷമാണ് സഞ്ജയ് ഝാക്കെതിരെ നടപടിയുമായി കോണ്‍ഗ്രസ് രംഗത്ത് വന്നത്. സഞ്ജയ് ഝായെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത വിവരം മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഇതിനു മുന്‍പും പാര്‍ട്ടി വിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഞ്ജയ്ക്കതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പത്രത്തില്‍ ലേഖനം എഴുതിയതിനെ തുടര്‍ന്ന് സഞ്ജയെ പാര്‍ട്ടി വക്താവിന്റെ സ്ഥാനത്തു നിന്നും നേതൃത്വം നീക്കിയിരുന്നു.
അതേസമയം കോണ്‍ഗ്രസിന്റെ നടപടി അപ്രതീക്ഷിതമാണെന്ന് സഞ്ജയ് ഝാ പ്രതികരിച്ചു. പാര്‍ട്ടിയുടെ ചെയ്തികള്‍ കാണുമ്പോള്‍ മധ്യപ്രദേശില്‍ നിന്നും ഒരു പാഠവും പഠിച്ചതായി തോന്നുന്നില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കര്‍ണ്ണാടകയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഗുജറാത്തില്‍ സംസ്ഥാന യൂണിറ്റുകള്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. രാജസ്ഥാന് കോണ്‍ഗ്രസിലെ പ്രതിസന്ധി വളരെ നേരത്തെ പരിഹരിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.