ന്യൂഡല്‍ഹി : ചൈനയ്ക്കെതിരെ കൂടുതല്‍ സാമ്പത്തിക നീക്കങ്ങളുമായി ഇന്ത്യ. ചൈനയില്‍ നിന്നും സൗരോര്‍ജ്ജ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രധാന ഉപകരണങ്ങളുടെ ഇറക്കുമതി നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് വിവരം. ഇതിനായി നിലവിലെ കരാര്‍ റദ്ദാക്കി പുതിയ കരാര്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
സൗരോര്‍ജ്ജ സെല്ലുകള്‍ നിര്‍മ്മിക്കുന്നതായി ഉപയോഗിക്കുന്ന രണ്ട് പ്രധാന ഉപകരണങ്ങളാണ് സിലികോണ്‍ വേഫറുകളും, ഇന്കോട്ടുകളും. സൗരോര്‍ജ്ജ സെല്ലുകളുടെ തന്ത്രപ്രധാന ഭാഗങ്ങളായ ഇവ രണ്ടും നിര്‍മ്മിക്കുന്നിതിനുള്ള ശേഷി ഇന്ത്യയ്ക്കില്ല. അതിനാല്‍ ചൈനയില്‍ നിന്നുമാണ് ഇവ രണ്ടും ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യയ്ക്കായി സൗരോര്‍ജ്ജ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുളള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ നിന്നും നിലവില്‍ ചൈനയെ ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് അധികൃതര്‍ അറിയിച്ചു. വന്‍തോതില്‍ ഉപരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനായി മുന്പോട്ട് വരുന്ന നിര്‍മ്മാതാക്കള്‍ക്ക് വിയബിലിറ്റി ഗാപ്പ് ഫണ്ടിംഗില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കും. അത്യാധുനിക സാങ്കേതിക വിദ്യ ആവശ്യമായുള്ള സിലികോണ്‍ വേഫറുകളും, ഇന്കോട്സുകളുടെയും നിര്‍മ്മാണം വ്യാപകമാകുന്നതോടെ ആഭ്യന്തര ഉകപരണ വിപണിയുടെ മുഖച്ഛായ മാറും. ഇതിന് പുറമേ സൗരോര്‍ജ്ജ സെല്ലിനായുള്ള ഉപകരണങ്ങള്‍ക്കായുള്ള ആശ്രയത്വം പരമാവധി ഇല്ലാതാക്കാന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സിലികോണ്‍ വേഫറുകളുടെയും ഇന്കോട്ടുകളുടെയും നിര്‍മ്മാണം നടത്താനും ഇന്ത്യ ആലോചിക്കുന്നുണ്ട് . അതുവരെ ഉപകരണങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഇറക്കുമതി ചെയ്യുന്നത് തുടരുമെന്നാണ് വിവരം.
ആഗോളതലത്തില്‍ സൗരോര്‍ജ്ജ സെല്ലിനായുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ നിര്‍മ്മാതാക്കള്‍ ചൈനയാണ്. ഇന്ത്യയിലെ സൗരോര്‍ജ്ജ ഉപകരണ മാര്‍ക്കറ്റില്‍ 80 ശതമാനം വിപണിയും ചൈന കയ്യാളിയിരുന്നു. 2018-19 കാലയളവില്‍ 2. 16 ബില്യണ്‍ സൗരോര്‍ജ്ജ ഉപകരണങ്ങളാണ് ഇന്ത്യ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത്.