ഹൈദരാബാദ് : തെലങ്കാനയില്‍ ഭാര്യയെ മുത്വലാഖ് ചൊല്ലിയ ആള് അറസ്റ്റില്‍. അബുള്‍ സമി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 24 വയസ്സുകാരിയായ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. തെലങ്കാനയിലെ മഹാഭൂബനഗര് ജില്ലയിലാണ് സംഭവം.
മാര്‍ച്ച് 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ യുവതിയെ സാമി മുത്വലാഖ് ചൊല്ലി വീട്ടില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് യുവതി എല്‍ബി നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. നാളിതുവരെയായി യുവതി സ്വന്തം വീട്ടിലാണ് താമസിച്ചു വരുന്നതെന്ന് പോലീസ് പറഞ്ഞു.
2017 ലായിരുന്നു ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന അബ്ദുള്‍ സമിയും ഓംകാര്‍ സ്വദേശിയായ യുവതിയും തമ്മിലുളള വിവാഹം. ഇരുവര്‍ക്കും ഒന്നര വയസ്സ് പ്രായമുള്ള ആണ് കുഞ്ഞും ഉണ്ട്. വിവാഹ ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതി നല്കിയ പരാതിയില്‍ പറയുന്നു. എല്ലാ മാസവും സ്ത്രീധന തുക ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ സ്വന്തം വീട്ടിലേക്ക് അയക്കാറുണ്ടായിരുന്നു എന്നും പരാതിയില്‍ യുവതി വ്യക്തമാക്കുന്നു. 2018 ല്‍ യുവതിയുടെ ആഭരണങ്ങള്‍ ഭര്‍തൃസഹോദരങ്ങള്‍ മോഷ്ടിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത യുവതിയെ സമിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ധിച്ചതായി പോലീസ് പറഞ്ഞു. നേരത്തെ ഗാര്‍ഹിക പീഡനത്തിന് സരൂര്‍നഗര്‍ പോലീസ് സ്റ്റേഷനില്‍ സമിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അറസ്റ്റ് ചെയ്ത സമിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മുത്വലാഖുമായി ബന്ധപ്പെട്ട രാജ്കൊണ്ട പോലീസ് സ്റ്റേഷന് പരിധിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മുത്വാലാഖ് ചൊല്ലിയെന്ന പരാതിയില്‍ മൂന്ന് പേരാണ് ഹൈദരാബാദില്‍ അറസ്റ്റിലായത്.