ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മൂന്ന് അംഗങ്ങള്‍ക്ക് കൊറോണ. സപ്പോര്‍ട്ട് സ്റ്റാഫ് അടക്കമുള്ളവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കന്നത്. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്താനിരുന്ന പരിശീലന ക്യാമ്പിന് മുന്‍പായാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായത്. ജൂലൈ 27 നാണ് ക്യാമ്പ് ആരംഭിക്കാനിരുന്നത്.
രോഗബാധ സ്ഥിരീകരിച്ചവരെ ക്യാമ്പില്‍ നിന്നും മാറ്റി നിര്‍ത്തിയതായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമായി 34 കൊറോണ പരിശോധനകളാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയത്. അടുത്ത പരിശീലന ക്യാമ്പിന് മുന്‍പായി അടുത്ത റൗണ്ട് പരിശോധനയും നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.















