പാലക്കാട്: അതീവ സുരക്ഷയോടെ സംസ്കരിക്കേണ്ട കൊറോണ മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കുന്നതായി പരാതി. പാലക്കാട് ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ മാലിന്യങ്ങളാണ് അലക്ഷ്യമായി സംസ്കരിക്കുന്നതിനായി പരാതി ഉയര്‍ന്നത്.
കൊറോണ വാര്‍ഡുകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടവും കോട്ടന്‍, ഗോസ്, നാപ്കിന്, പാമ്പേഴ്സ് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍, കുട്ടികളുടെ ആശുപത്രിയോട് ചേര്‍ന്നുള്ള ആര് എം ഒ ക്വാര്‍ട്ടേഴ്സിന്റെ പുറകുവശത്ത് അലക്ഷ്യമായി നിക്ഷേപിക്കുന്നതായാണ് പരാതി.ഇവിടെ നിന്നുള്ള ജലം കല്പാത്തി പുഴയിലേക്ക് ഒഴുകുന്നുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കണം കൊറോണ മാലിന്യങ്ങള്‍ സംസ്കരിക്കേണ്ടത്. എന്നാല്‍ ഈ മാര്‍ഗ്ഗ നിര്‍ദേശങ്ങളുടെ ഗുരുതര അലംഭാവമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നാണ് പൊതുപ്രവര്ത്തകന് ബോബന് മാട്ടുമന്തയുടെ ആരോപണം.
പൊതു ജനാരോഗ്യം സംരക്ഷിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ആരോഗ്യ വകുപ്പ് നിരുത്തരവാദത്തോടെ പെരുമാറുന്നത് പ്രതിഷേധാര്‍ഹമാണ്. കൊറോണ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി അധികൃതര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കണം. നിക്ഷേപിച്ച മാലിന്യം ഉടനടി നീക്കം ചെയ്ത് പ്രദേശം അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതായും ബോബന് മാട്ടുമന്ത പറഞ്ഞു.
Comments