ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയുടെ താരത്തിന് കൊറോണ സ്ഥിരീകരിച്ചു. പ്രീ സീസണ്‍ ട്രെയിനിംഗിനായി റിപ്പോര്‍ട്ട് ചെയ്ത താരങ്ങളില്‍ ഒരാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധ കണ്ടെത്തിയ താരത്തിന്റെ പേര് വിവരം ബാഴ്‌സലോണ വെളിപ്പെടുത്തിയിട്ടില്ല.
പ്രീ സീസണ്‍ ട്രെയിനിംഗിനായി 9 താരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരില്‍ നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് കൊറോണ പോസിറ്റീവായത്. ഇദ്ദേഹത്തെ വീട്ടില്‍ ക്വാറന്റെയ്‌നില്‍ പ്രവേശിപ്പിച്ചുവെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ക്ലബ് അറിയിച്ചു. അതേസമയം ചാമ്പ്യന്‍സ് ലീഗിനായി ലിസ്ബണിലേക്ക് പോകുന്ന സീനിയര്‍ താരങ്ങളുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും ക്ലബ് വ്യക്തമാക്കി.
വലന്‍സിയയുടെ രണ്ടു താരങ്ങള്‍ക്കും അത്‌ലറ്റികോ മാഡ്രിഡിന്റെ രണ്ടു താരങ്ങള്‍ക്കും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ രണ്ടു താരങ്ങള്‍ക്ക് രോഗബാധ കണ്ടെത്തിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പോര്‍ച്ചുഗലിലെ ലിസ്ബണിലാണ് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മുതലുള്ള മത്സരങ്ങള്‍ നടക്കുക. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങള്‍ നടത്തുക.















