ക്രിപ്റ്റോകറൻസി എന്നത് സാങ്കേതിക വിദ്യയുടെ ഒരു വലിയ നേട്ടം ആണ്, പക്ഷെ ഇത് പണം ഉണ്ടാക്കുവാൻ ഉള്ള എളുപ്പ വഴി അല്ല, നിയമ പരം ആയ , സാങ്കേതികമായ നിരവധി വിഷയങ്ങൾ ഇതിൽ നമ്മൾ അറിയേണ്ടതുണ്ട്. 2019ൽ മാത്രം ക്രിപ്റ്റോ കറൻസിയുടെ പേരിൽ 32000 കോടി രൂപയുടെ തട്ടിപ്പ് ആഗോളതലത്തിൽ നടന്നു എന്ന് ലഭ്യം ആയ വിവരങ്ങൾ സൂചിപ്പിക്കുന്നു , ചുരുങ്ങിയത് 15000 കോടി യുടെ തട്ടിപ്പ് ആണ് ഇതിൽ ചൈനയിലെ പ്ലസ് കോയിൻ മാത്രം നടത്തിയത്, കേരളത്തിൽ ക്രിപ്റ്റോ കറൻസികൾ ഉപയോഗിച്ച് ഉള്ള പിരമിഡ് മാർക്കറ്റിംഗ് സ്കീമുകൾ കൊറോണാ കാലത്തിൽ വ്യാപകം ആകുക ആണ്, ഇങ്ങനെ ഉള്ളവയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് അതിനെ പറ്റി വ്യക്തമായി അറിഞ്ഞു നിയമങ്ങൾ മനസിലാക്കി മാത്രം ചെയ്യുക.
സതോഷി നാകമോട്ടോ (Satoshi Nakamoto) എന്ന ജാപ്പനീസ് നാമം ഉപയോഗിച്ച് ഒരു വ്യക്തിയോ ഒരു കൂട്ടം ആളുകളോ ചേർന്നുകൊണ്ട് ആണ് ക്രിപ്റ്റോ കറൺസി എന്ന ആശയം സാക്ഷാത്കരിക്കുവാൻ വേണ്ടി ബ്ലോക്ക് ചെയിൻ സൃഷ്ടിച്ചത്. ഈ കമ്പ്യൂട്ടർ വിദഗ്‌ദ്ധർ ആരാണ് എന്ന് ഇന്നും ആർക്കും അറിയില്ല എന്നാൽ ഓപ്പൺ സോഴ്സ് (പൊതു പങ്കാളിത്തത്തോടു കൂടി ചെയ്യുന്ന പ്രോഗ്രാമിങ് ) ആയി വികസിപ്പിച്ച ബ്ലോക് ചെയിൻ ഇന്ന് സാങ്കേതിക വിദ്യയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കുക ആണ്.
ബിറ്റ് കോയിൻ വിലയിൽ ഉണ്ടായ കുതിച്ചു ചാട്ടം ആണ് ക്രിപ്റ്റോ കറൻസി എന്ന സങ്കല്‍പം സാധാരണക്കാരിലേക്ക് എത്തിച്ചത്, .00001 ഡോളറിൽ നിന്നും തുടങ്ങിയ ബിറ്റ് കോയിൻ വില, 2017 ആകുമ്പോഴേക്കും ആയിരം ഡോളറിനു മുകളിൽ എത്തിയിരുന്നു തുടർന്ന് അതെ വര്‍ഷം 20000 ഡോളർ വരെ ആയി ഉയർന്നു, ഇപ്പോൾ 12000 ഡോളറിനു അടുപ്പിച്ചു ആഗോള സ്റ്റോക്ക് മാർക്കറ്റുകളിൽ ട്രേഡ് ചെയ്യപ്പെടുന്നു. ബ്ലോക്ക് ചെയിൻ / ക്രിപ്റ്റോകറൻസി സങ്കല്‍പത്തിന് സാധൂകരണം നൽകിയ ബിറ്റ്കോയിന്റെ ഈ കുതിച്ചു ചാട്ടം മറ്റനവധി ക്രിപ്റ്റോ കറൻസികൾക്കും ജന്മം നൽകി. ലോകരാജ്യങ്ങൾ ഇവക്കു അനുകൂലമായും പ്രതികൂലമായും നിയമനിര്മാണങ്ങൾ നടത്തി, ഇവയുടെ ഉപയോഗവും നിയമ സാധുതയും ഒരു തർക്ക വിഷയം ആണ്, അതേസമയം, അന്താരാഷ്‌ട്ര സ്റ്റോക്ക് മാർക്കറ്റുകളിൽ ക്രിപ്റ്റോ കറൻസികൾ ശക്തമായ സാന്നിദ്ധ്യം ആയി തുടരുന്നു.
കമ്പ്യൂട്ടിങ് കഴിവുകൾ ഉള്ള ഉപകരണങ്ങളുടെ (Nodes) ഒരു ശൃംഖലയിൽ വ്യാപിച്ചു കിടക്കുന്ന ഒരു Distributed Ledger ആണ് (വ്യാപിതമായ കണക്കു പുസ്തകം) ബ്ലോക്ക് ചെയിൻ, ഇതിൽ പലവിധത്തിൽ ഉള്ള ട്രാൻസാക്ഷനുകൾ (ഇടപാട് വിവരങ്ങൾ ) ബ്ലോക്കുകൾ ആയി ശേഖരിച്ചു സൂക്ഷിക്കുന്നു , എൻകോഡ് ചെയ്തു ( ഗൂഢഭാഷയിൽ ) രേഖപ്പെടുത്തുന്ന ഈ വിവരങ്ങൾ സാങ്കേതികമായി അതീവ സുരക്ഷിതം ആണ്, ഇന്നു ലഭ്യം ആയ ശാസ്ത്ര സാങ്കേതിക മികവ് ഉപയോഗിച്ച് ഇവ വിവർത്തനം ചെയ്യുവ്വാൻ സാധ്യമല്ല, ഇതിലേക്ക് വിവരങ്ങൾ ചേർക്കുകയോ മാറ്റം വരുത്തുകയോ ചെയ്യണം എങ്കിൽ ഈ ശൃംഖലയിൽ അംഗങ്ങൾ ആയി ഉള്ള മറ്റു നോഡുകളുടെ (കമ്പ്യൂട്ടർ /മൊബൈൽ etc ) അറിവും സമ്മതവും വേണം. രേഖപ്പെടുത്തിയ വിവരങ്ങൾ അങ്ങിനെ അതിന്റെ പാസ്സ്‌വേർഡ് (Cipher key) അറിയുന്നവർക്ക് മാത്രം കാണുവാൻ സാധിക്കുന്ന, മറ്റാർക്കും തിരുത്തുവാൻ സാധിക്കാത്ത അടച്ചുറപ്പുള്ള ഒരു ലോക്കറിൽ സൂക്ഷിക്കുന്ന പോലെ ഈ ശൃംഖലയിൽ സുരക്ഷിതം ആയി സൂക്ഷിക്കുവാൻ സാധിക്കും, ഇന്റർനെറ്റ് ഉപയോഗിച്ച് ലോകത്തിന്റെ ഏതു കോണിൽ നിന്നും ഉപയോഗിക്കുവാനും സാധിക്കും . ഈ ശൃംഖലയിൽ ഏതു കമ്പ്യൂട്ടർ ,സ്മാർട്ഫോൺ പോലെയുള്ള ഉപകരണവും ബന്ധിപ്പിക്കുവാൻ ആകും , അങ്ങനെ ബന്ധിച്ചുകൊണ്ട് ഇതിൽ ഉള്ള പ്രവർത്തനത്തിന് വേണ്ടി സ്വന്തം ഉപകരണത്തിന്റെ കമ്പ്യൂട്ടിങ് പവർ ഉപയോഗിച്ചു പുതിയ ട്രാന്സാക്ഷനുകൾ റെക്കോർഡ് ചെയ്യുവാനും പുതിയ ബ്ലോക്ക് നിർമ്മിക്കുവാനും ശൃംഖലയെ സഹായിച്ചാൽ പ്രതിഫലം ആയി കുറച്ചു ക്രിപ്റ്റോ കറൻസി ലഭിക്കും, ഇങ്ങനെ പുതിയ ബ്ലോക്കുകൾ സൃഷ്ടിക്കുന്ന പ്രക്രിയ ആണ് മൈനിങ് എന്ന് അറിയപ്പെടുന്നത്
രഹസ്യ സ്വഭാവവും, വിവരങ്ങൾ ഉപയോഗിക്കുമ്പോൾ സാങ്കേതിക വിദ്യ നൽകുന്ന വിശ്വാസ്യതയും, ലോകത്തിന്റെ ഏതു കോണിൽ നിന്നും ഇന്റർനെറ്റ് ഉണ്ടെങ്കിൽ ഉപയോഗിക്കുവാൻ സാധിക്കും എന്ന മേന്മയും ആണ് ബിറ്റ് കോയിന്റെ മേന്മകൾ, ആഗോള തലത്തിൽ ഇതിനെ നിയന്ത്രിക്കുന്ന ഒരു റെഗുലേറ്ററി ബോഡിയുടെ (ചട്ടങ്ങൾ നിശ്ചയിക്കുന്ന സർക്കാർ ഏജൻസികൾ ) ആവശ്യം ഇല്ല എന്നതും അന്താരാഷ്‌ട്ര ബിസിനസ്സിനും മറ്റും അനുകൂലമായ ഘടകം ആണ്, ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ കയ്യിൽ എത്ര ബിറ്റ്കോയിൻ ഉണ്ട്, അത് നിങ്ങൾ എവിടെ എന്തിനു ചിലവാക്കി എന്നത് ആർക്കും കണ്ടെത്തുവാൻ സാധിക്കില്ല. ഇതേ കാരണങ്ങൾ കൊണ്ട് ബിറ്റ്കോയിൻ രാജ്യസുരക്ഷയ്‌ക്ക് ഭീഷണി ആണ് എന്നാണ് നിരവധി സർക്കാരുകൾ കരുതുന്നത്.
റിസർവ് ബാങ്ക് ഇന്ത്യയിലെ ബാങ്കുകളെ ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ നിന്നും 2017 ഇൽ വിലക്കിയിരുന്നു എന്നാൽ സുപ്രീം കോടതി ഇത് മരവിപ്പിക്കുകയും ബാങ്കുകൾക്ക് ക്രിപ്റ്റോ കറൻസി ഇടപാടുകൾ നടത്താൻ അനുവാദം അത് വഴി നൽകുകയും ചെയ്തു. എങ്കിലും ഇത് സംബന്ധിച്ച് ഉള്ള വ്യക്തത ഇന്നും വന്നിട്ടില്ല. ഇതേ തുടർന്ന് കേന്ദ്ര സർക്കാർ ഇതിനായി ഉള്ള നിയമ നിർമ്മാണം നടത്തുക ആണ്. ക്രിപ്റ്റോ കറൻസി നിരോധന നിയമം ഇപ്പോൾ ഫിനാൻസ് മിനിസ്ട്രിയുടെ അംഗീകാരത്തിനായി കാത്തു നിൽക്കുന്നു. കേന്ദ്രം ക്രിപ്റ്റോകറൻസികൾ നിരോധിച്ചാലും അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും തിരുത്തപ്പെടുകയും എല്ലാം ചെയ്യാം. ചുരുക്കത്തിൽ ഇനി ഉള്ള കുറച്ചു വർഷങ്ങളിൽ കൂടി ഈ വിഷയത്തിൽ ഉള്ള അവ്യക്തത തുടരും
കൊറോണാ കാലത്തിൽ ക്രിപ്റ്റോകറൻസി ഉപയോഗിച്ചിട്ടുള്ള നിരവധി പിരമിഡ് മാർക്കറ്റിംഗ് സ്ക്കീമുകൾ കേരളത്തിൽ സജീവമായിട്ടുണ്ട്. അതിൽ പ്രമുഖമായ ഒന്നാണ് ഫൊർസെജ് എന്ന Distributed App, ഉടമസ്ഥർ ആരാണ് എന്ന് മനസിലാക്കാൻ സാധിക്കാത്ത distributed ആയ, ക്രിപ്റ്റോ കറൻസിയുടെ തന്നെ ഭാഗം ആയ സ്മാർട്ട് കോൺട്രാക്ട്സ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ആപ്പ് ആണ് ഇത്. ഇതിന്റെ ഭാഗം ആകുവാൻ ആദ്യം കുറച്ചു പണം ക്രിപ്റ്റോ കറൻസി ആയ എത്തീരിയം (ethereum) ആയി നൽകണം (ഒരു എത്തീരിയം ഏകദേശം 300 ഡോളറിനു അടുത്ത് വില ഉണ്ട്), പിന്നീട് സ്വന്തം കീഴിൽ മറ്റു അംഗങ്ങളെ ചേർക്കുവാൻ സാധിക്കും. ഇങ്ങനെ ഉള്ള അംഗങ്ങൾ നടത്തുന്ന മൈനിങ് ആക്ടിവിറ്റിയുടെ ഫലം ആയി ലഭിക്കുന്ന എത്തീരിയം മൾട്ടി ലെവൽ മാർക്കറ്റിംഗ് സ്കീമുകളിൽ എന്ന പോലെ പങ്കുവെക്കപ്പെടും എന്നാണ് ഫൊർസെജ് അവകാശപ്പെടുന്നത് .
ഈ ആപ്പ് മൾട്ടിലെവെൽ മാർക്കറ്റിംഗ് തന്നെ ആണ് എന്ന് ആരോപിച്ച് ഫിലിപ്പീൻസ് ഇതിനു വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഇങ്ങനെ ഉള്ള സ്കീമുകളുടെ പ്രവർത്തനം നിയമപരം ആണോ ഇതിന്റെ ഗുണ ദോഷഫലങ്ങൾ എന്താണ് എന്ന് വ്യക്തത വരുത്താതെ തന്നെ ആളുകൾ ഇതിൽ പങ്കാളികൾ ആകുന്നുണ്ട്. ഇന്നത്തെ നിയമപ്രകാരം ക്രിപ്റ്റോകറൻസി ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇങ്ങനെ ഉള്ള ആപ്പ്കൾ പ്രവർത്തിക്കുന്ന രീതിയിൽ ഉള്ള വ്യക്തത ഇല്ലായ്മ ചിന്തനീയം ആയ വിഷയം ആണ്.
ക്രിപ്റ്റോകറൻസി എന്നത് പെട്ടെന്ന് പണം ഉണ്ടാക്കുവാൻ ഉള്ള മാർഗം അല്ല. നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് എല്ലാവശവും അറിഞ്ഞു മനസിലാക്കി മാത്രം ചെയ്യുക. കേന്ദ്ര നിയമം വരുന്നത് വരെ, കഴിയും എങ്കിൽ സംസ്ഥാന സർക്കാരോ, കേരളാ പോലീസ് അധികാരികളോ ക്രിപ്റ്റോകറൻസി പിരമിഡ് മാർക്കറ്റിംഗ് ആപ്പുകളുടെ പ്രവർത്തനം വിലയിരുത്തി ഉചിതം ആയ നയം രൂപീകരിക്കണം എന്നും അത് ജനങ്ങളുമായി പങ്കുവെക്കണം എന്നും അഭ്യർഥിക്കുന്നു.















