പാരീസ്: ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസിയെ പിഎസ്ജിയിലേക്ക് ക്ഷണിച്ച് പരിശീലകന്‍ തോമസ് ടുഷന്‍. മെസിയെപ്പോലെ ഒരു താരത്തെ ആരാണ് ആഗ്രഹിക്കാത്തതെന്നും പിഎസ്ജിയലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയാണെന്നും തോമസ് ടുഷന്‍ പറഞ്ഞു. മെസി ബാഴ്സലോണ വിടാന്‍ ഒരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഈ ക്ഷണം.
‘മെസിയെ പോലെ ഒരു താരത്തെ ആരാണ് ആഗ്രഹിക്കാത്തത്. അദ്ദേഹത്തെ ഞാന്‍ പിഎസ്ജിയിലേക്ക് ക്ഷണിക്കുകയാണ്. എന്നാല്‍ 13-ാം വയസില്‍ ബാഴ്‌സയുമായി തുടങ്ങിയ ബന്ധം അദ്ദേഹം ഇപ്പോള്‍ അവസാനിപ്പിക്കുമെന്ന് കരുതുന്നില്ല. ബാഴ്‌സയില്‍ നിന്നുകൊണ്ട് തന്നെ മെസി വിരമിക്കുമെന്നാണ് കരുതുന്നത്’. ടുഷന്‍ പറഞ്ഞു.
ബാഴ്‌സുയമായുള്ള മെസിയുടെ കരാര്‍ അവസാനിക്കാനിരിക്കെ നിരവധി ക്ലബ്ബുകളാണ് താരത്തെ സ്വന്തമാക്കാനായി ശ്രമിക്കുന്നത്. നേരത്തെ, മെസി ഇന്റര്‍ മിലാനിലേക്കോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കോ മാറിയേക്കാം എന്ന അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ച്ചയായി ചാമ്പ്യന്‍സ് ലീഗ് കൈവിടുന്നതും ടീം മാനേജ്‌മെന്റിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മയുമാണ് മെസിയെ അസ്വസ്ഥനാക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ 8-2നാണ് ബാഴ്‌സ ബയേണിനു മുന്നില്‍ അടിയറവ് പറഞ്ഞത്.















