കൊച്ചി: ഫുട്ബോൾ രംഗത്ത് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ വിജയകരമായ മുന്നേറ്റത്തിന് ശേഷം മാതൃ കമ്പനിയായ ബ്ലാസ്റ്റേഴ്സ് സ്പോർട്സ് വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് റാഡ്‌നിച്കി ബ്ലാസ്റ്റേഴ്സ് എന്ന പേരിൽ വോളിബോൾ രംഗത്തും പുതിയ സംരംഭം തുടങ്ങുന്നു. സെർബിയൻ ഫസ്റ്റ് ഡിവിഷൻ ടൂർണമെന്റുകളിൽ ടീം പങ്കെടുക്കും. പ്രശസ്ത സെർബിയൻ ക്ലബ്ബായ റാഡ്‌നിച്കി ബെൽഗ്രേഡുമായി ചേർന്നുള്ള സംരംഭം വോളിബോളിന്റെ പരമ്പരാഗതമായ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായ കേരളത്തിലെ പ്രഗൽഭർക്ക് അവസരമൊരുക്കും. സാങ്കേതിക വൈദഗ്ധ്യം, പരിശീലന സൗകര്യങ്ങൾ, പിന്തുണ എന്നിവ നൽകുന്നതിനു പുറമേ വളർന്നുവരുന്ന പ്രതിഭകളെ അന്താരാഷ്‌ട്ര രംഗത്തേക്ക് കൊണ്ടുവരാനും സാധിക്കും.
എഫ് ഐ വി ബി വോളിബോൾ നാഷൻസ് ലീഗിലെ പ്രധാനപ്പെട്ട ടീമുകളിൽ ഒന്നായ സെർബിയക്ക് കായിക രംഗത്ത് പ്രത്യേകിച്ച് വോളിബോളിൽ വലിയ പൈതൃകമുണ്ട്. രാജ്യത്തെ വനിതാ ദേശീയ വോളിബോൾ ടീം 2016 സമ്മർ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി, 2018 എഫ്ഐവിബി വോളിബോൾ വനിതാ ലോക ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞപ്പോൾ പുരുഷ ടീം സിഡ്നിയിൽ 2000 സമ്മർ ഒളിമ്പിക്സിൽ സ്വർണ്ണവും 1996 സമ്മർ ഒളിമ്പിക്സിൽ വെങ്കലവും നേടി. 2016 ൽ ആദ്യമായി ദേശീയ പുരുഷ ടീം എഫ്‌ഐവിബി വേൾഡ് ലീഗിലെ ചാമ്പ്യന്മാരായിരുന്നു. പുരുഷ വിഭാഗത്തിൽ മൂന്ന് തവണയും (2001, 2011, 2019) വനിതാ വിഭാഗത്തിൽ മൂന്ന് തവണയും (2011, 2017, 2019) സെർബിയ കിരീടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇരു ടീമുകളും നിരവധി വെള്ളി, വെങ്കല മെഡലുകൾ നേടി .















