ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണില്‍ കളിക്കാന്‍ തയ്യാറായി ഇന്ത്യന്‍ താരം. പുരുഷ വിഭാഗത്തിലെ 136-ാം നമ്പറായ പ്രജ്‌നേഷാണ് യു.എസ്.ഓപ്പണിന്റെ പ്രാഥമിക റൗണ്ടില്‍ കളിക്കുന്നത്. നിരവധി പ്രമുഖതാരങ്ങള്‍ കൊറോണ ഭീതിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരിക്കുന്ന ഗ്രാന്‍ഡ്സ്ലാമില്‍ ഒരു ഭാഗ്യപരീക്ഷണത്തിനാണ് പ്രജ്‌നേഷ് ഇറങ്ങുന്നത്.
യു.എസ്. ഓപ്പണിലെ ആദ്യ ലിസ്റ്റ് അധികൃതര്‍ വെട്ടിച്ചുരുക്കിയത് മൂലം പങ്കെടുക്കാന്‍ സാധിക്കാതിരുന്ന നിരവധി താരങ്ങളുണ്ട്. പുതിയ പട്ടിക 128 പേരുടേതാണ്. 128-ാം റാങ്കിംഗിലുള്ള സുമിത് നാഗലാണ് നിലവില്‍ പട്ടികയില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം. താരങ്ങളിനിയും പിന്മാറിയാലാണ് പ്രജ്‌നേഷിന് ഇടംപിടിക്കാനാവുക. ഏതായാലും പ്രതീക്ഷ കൈവിടാതെ അമേരിക്കയിലേക്ക് പുറപ്പെടാന്‍ തീരുമാനിച്ചിരിക്കുകയാണ്. അമേരിക്കയില്‍ അവസരം ലഭിച്ചില്ലെങ്കില്‍ ഫ്രഞ്ച് ഓപ്പണിനായി ഫ്രാന്‍സിലേയ്‌ക്ക് പുറപ്പെടുമെന്നും പ്രജ്‌നേഷ് പറഞ്ഞു.
2018 ഫ്രഞ്ച് ഓപ്പണിലെ യോഗ്യതാ മത്സരത്തില്‍ എതിരാളിയായ ഓസ്‌ട്രേലിയന്‍ താരം നിക്കി കിര്‍ഗിയോസിന് പരിക്കേറ്റതിനെ തുടര്‍ന്ന് ലക്കി ലൂസര്‍ എന്ന ആനുകൂല്യത്തിന്റെ പിന്‍ബല ത്തില്‍ പ്രജ്‌നേഷ് തന്റെ ആദ്യ ഗ്രാന്‍സ്ലാം കളിച്ചു.















