കുഴിയില്‍ അടിതെറ്റി വീണ ആനയെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തി. കര്‍ണാടകയിലെ അഗ്‌നിശമന വകുപ്പ് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ആനയെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബുധനാഴ്ച ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ വി യെദു കോണ്ടലു ആണ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘അര്‍ക്കനഹല്ലയ്‌ക്ക് സമീപം അബദ്ധത്തില്‍ വീണു പോയ ആനയെ രക്ഷപ്പെടുത്തിയെന്ന് അദ്ദേഹം പോസ്റ്റിനൊപ്പം കുറിച്ചു. ‘ഫോറസ്റ്റ് ഫ്രണ്ട് ലൈന്‍ സ്റ്റാഫും അഗ്‌നിശമന വകുപ്പും വളരെയധികം സഹായിച്ചുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കര്‍ണാടകയിലെ എംഎം ഹില്‍സിനു സമീപം അര്‍ക്കനഹള്ളയില്‍ ബുധനാഴ്ചയാണ് സംഭവം.
ആന കുഴഞ്ഞമണ്ണില്‍ എഴുന്നേല്‍ക്കാനാവാതെ വീണു കിടക്കുന്നത് നാട്ടുകാരാണ് കണ്ടത്. അവര്‍ ഇക്കാര്യം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ജെസിബി കൊണ്ടുവന്ന് കൊമ്പനെ എഴുന്നേല്‍ക്കാന്‍ സഹായിച്ചത്. വീഴ്ചയില്‍ പരുക്കുകളൊന്നുമില്ലെന്നും ആന കാട്ടിലേക്കു മടങ്ങിയെന്നും യെദുകൊണ്ടലു പറഞ്ഞു.
അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ 16,000- ത്തിലധികം ആളുകള്‍ കണ്ടു. രക്ഷാപ്രവര്‍ത്തനത്തിന് സഹായിച്ച എല്ലാവരേയും പ്രശംസിച്ചാണ് നിരവധിപേര്‍ പോസ്റ്റിന് കമന്റിട്ടത്. നല്ല പ്രവൃത്തിയെന്നാണ് ഐ എഫ് എസ് പര്‍വീന്‍ കസ്വാന്‍ കുറിച്ചത്. ‘നന്നായി. നിങ്ങള്‍ എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ എന്നാണ് ഐ എഫ് എസ് സൂസന്ത നന്ദ പറഞ്ഞത്. നിരവധി പേര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും അഗ്‌നിശമന വകുപ്പിനും നന്ദി അറിയിച്ച് കമന്റുകളിട്ടു.
ഈ വര്‍ഷം ഏപ്രിലില്‍ ആന്ധ്രാപ്രദേശില്‍ 15 അടി താഴ്ചയുള്ള കുഴിയില്‍ വീണ ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു ആനയെ പുറത്തെത്തിച്ചത്.
https://twitter.com/ifs_yedukondalu/status/1298533725056114689?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1298533725056114689%7Ctwgr%5E&ref_url=http%3A%2F%2Fwww.metrovaartha.com%2Fnews%2F55033%2Ftusker-falls-down-rescued-by-karnataka-forest-officials















